
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം. റാസ് ലഫാൻ വ്യാവസായിക മേഖലയിൽ ഇന്നലെ രാത്രിയാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം. 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
റാസ് ലഫാനിലെ സ്‌ഫോടനം ആഗോള ഊർജവിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഖത്തർ ഇന്ധന ഉൽപാദനം നിർത്തിവച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തി. ഇതേത്തുടർന്നാണ് പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്. ഞായറാഴ്ച രാത്രി ബർസാൻ ഗ്യാസ് സപ്ലെെ കേന്ദ്രത്തിലാണ് തീപിടിത്തവും സ്‌ഫോടനവും ഉണ്ടായതെന്ന് ഖത്തർ ഏജൻസി പറഞ്ഞു.
അപകടത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. ആദ്യം കുറച്ചുപേർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് പരിക്കേറ്റവരുടെയും കാണാതായവരുടെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ബർസാൻ പ്ലാന്റിൽ നിന്ന് പ്രതിദിനം ഏകദേശം 1.4 ബില്യൺ ക്യുബിക് അടി പ്രകൃതിവാതകം ഉത്പാദിപ്പിച്ചിരുന്നുവെന്നാണ് വിവരം. പ്ലാന്റിന്റെ മുഴുവൻ ഭാഗവും ഖത്തറിന്റെ ഉടമസ്ഥയിലാണ്. പ്ലാന്റിന്റെ ചെറിയ ഓഹരി എക്സോൺ മൊബിലിന്റെ കെെവശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |