
ദുബായ്: വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാനായി ഉച്ചവിശ്രമം ഏർപ്പെടുത്തി യുഎഇ. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നുമണിവരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. തുടർച്ചയായ 22-ാം വർഷമാണ് യുഎഇ സർക്കാർ സ്വകാര്യമേഖലയുടെ സഹകരണത്തോടെ നിയമം നടപ്പാക്കുന്നത്.
യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത വേനൽച്ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉയർന്ന താപനിലയിൽ ജോലിചെയ്യുമ്പോൾ തൊഴിലാളികൾക്ക് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി ഉച്ചവിശ്രമം നടപ്പാക്കുന്നത്. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉച്ചവിശ്രമവേളകളിൽ തൊഴിലാളികൾക്ക് സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷണം നേടുന്നതിനായി തണലിടങ്ങളൊരുക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ഫാൻ, കൂളിംഗ് സംവിധാനങ്ങൾ, കുടിവെള്ളം, വരണ്ടവായുവിനെ ഈർപ്പമുള്ളതാക്കുന്ന ഹ്യൂമിഡിഫയർ തുടങ്ങിയവ വിശ്രമിക്കുന്ന ഇടങ്ങളിൽ ഒരുക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികളിൽ ജോലിചെയ്യുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്താനും ഒന്നിലധികം തൊഴിലാളികൾക്ക് നിയമലംഘനം ഉണ്ടായാൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കാനുമാണ് സർക്കാർ തീരുമാനം. ഈ മാസങ്ങളിൽ പ്രതിദിന ജോലി സമയം 8 മണിക്കൂറിൽ കൂടരുതെന്നും കൂടുതൽ ജോലി ചെയ്താൽ ഓവർടൈം വേതനം നൽകണമെന്നുമാണ് നിയമത്തിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |