അബുദാബി: നാല് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിച്ചതിന് അബുദാബിയിലെ ഒരു സ്വകാര്യ സ്കൂൾ അദ്ധ്യാപകന് രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. കൂടാതെ ഇയാളെ നാടുകടത്താനും കോടതി ചെലവുകൾക്കായുള്ള മുഴുവൻ തുക പിഴയായി അടയ്ക്കാനും അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടു.
ക്ലാസ് മുറിക്കുള്ളിൽ വച്ചാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളെ അടിച്ചത്. പരിക്കേറ്റ കുട്ടികൾക്ക് 20 ദിവസത്തോളം സ്വന്തം കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അദ്ധ്യാപകൻ കോടതിക്ക് മുന്നിൽ ഈ കുറ്റങ്ങളെല്ലാം സമ്മതിച്ചു. പ്രതിയുടെ പെരുമാറ്റം നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ആളുകളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാവുന്ന നിയമലംഘനങ്ങൾ തടയുന്നതിന് കർശനമായ നിയമനടപടികൾ അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
വിദ്യാർത്ഥികൾ ബഹളമുണ്ടാക്കി ക്ലാസിന് തടസം സൃഷ്ടിച്ചത് തടയാനാണ് അവരെ അടിച്ചതെന്ന് അദ്ധ്യാപകൻ അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയോടും പറഞ്ഞു. ക്ലാസ് മുറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളും അദ്ധ്യാപകൻ മർദിച്ചതിന് തെളിവായി കോടതി സ്വീകരിച്ചു. വിദ്യാർത്ഥികളോട് കാണിച്ചത് കടുത്ത അക്രമവും ക്രൂരതയുമാണെന്ന് ദൃശ്യങ്ങളിലൂടെ കോടതിക്ക് വ്യക്തമായി.
യുഎഇയിലെ ഫെഡറൽ നിയമങ്ങൾ പ്രകാരം, അദ്ധ്യാപകർ വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് അച്ചടക്ക നടപടികൾ സ്വീകരിക്കുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്തേക്കാം.
2022ൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ ശിശു സംരക്ഷണ നിയമം പുറത്തിറക്കിയിരുന്നു. കുട്ടികൾക്ക് നേരെയുള്ള ശാരീരിക ഉപദ്രവം തടയുന്നതിനുള്ള നിയമമാണിത്. ഇതുപ്രകാരം, കുട്ടികളെ ഉപദ്രവിച്ചാൽ തടവും പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും. കുറ്റകൃത്യത്തിന്റെ സാഹചര്യവും പരിക്കിന്റെ തീവ്രതയും അനുസരിച്ചാണ് ശിക്ഷ നിശ്ചയിക്കുന്നത്.
An Abu Dhabi criminal court sentenced a private school teacher to two years in prison for physically assaulting four students in a classroom. The court also ordered his deportation and payment of court costs. CCTV footage supported the case, and the teacher admitted the offences. UAE law prohibits physical abuse of students and provides for criminal penalties.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |