SignIn
Kerala Kaumudi Online
Wednesday, 14 October 2026 9.43 AM IST

ലൈംഗികാതിക്രമം: റോബോട്ട് കസ്റ്റഡിയിൽ

f

ബെർലിൻ: ജർമ്മനിയിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹ്യുമനോയിഡ് റോബോട്ടിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പെൺകുട്ടിയെ ഉപദ്രവിക്കാൻ ബോധപൂർവ്വം റോബോട്ടിന്റെ ചലനങ്ങൾ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിച്ച രണ്ടു കൗമാരക്കാരും അറസ്റ്റിലായി. ശനിയാഴ്ച കൊളോൺ നഗരത്തിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം റെസ്റ്റോറന്റിന് പുറത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ പിന്നിൽ നിന്നെത്തിയ റോബോട്ട് പെൺകുട്ടിയെ അനുചിതമായി സ്പർശിക്കുകയായിരുന്നു. ചൈനീസ് കമ്പനിയായ യുണിട്രീയുടെ 4 അടി ഉയരമുള്ള റോബോട്ടാണിത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റോബോട്ടിന്റെ ഉടമയായ 16 കാരനും സുഹൃത്തും ലൈവായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണുകളും കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന റോബോട്ടിനെയും കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

 റോബോട്ട് വില്ലനാകുമ്പോൾ....

റോബോട്ടുകൾ മനുഷ്യന് വില്ലനാകുന്നത് ആദ്യമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായശാലകളിൽ ജോലിഭാരം കുറയ്ക്കാനായി കണ്ടെത്തിയ റോബോട്ടിക് ഉപകരണങ്ങൾ മനുഷ്യരുടെ ജീവനെടുത്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. റോബോട്ടുകളുടെ ഉള്ളിലെ പ്രോഗ്രാമുകൾക്ക് മനുഷ്യനെ തിരിച്ചറിയാൻ കഴിയാതെ വരുമ്പോഴാണ് പലപ്പോഴും ഇത്തരം അപകടങ്ങളുണ്ടാകുന്നത്.

അറിയപ്പെട്ടതിൽ ഒരു റോബോട്ടിന്റെ കൈകളാൽ കൊല്ലപ്പെടുന്ന ലോകത്തെ ആദ്യ മനുഷ്യൻ 25കാരനായ റോബർട്ട് വില്യംസാണ്. 1979 ജനുവരി 25ന് മിഷിഗണിൽ ഫോർഡ് കമ്പനിയുടെ ഫ്ലാറ്റ് റോക്ക് പ്ലാന്റിലെ അസംബ്ലി വർക്കറായിരുന്ന വില്യംസിനെ ഒരു ടൺ ഭാരമുള്ള റോബോട്ട് തലക്കടിച്ചാണ് കൊന്നത്. ഉയരത്തിലുള്ള ഷെൽഫുകളിൽ നിന്ന് കാറിന്റെ വസ്തുക്കൾ എടുക്കുന്ന റോബോട്ടിൽ സാങ്കേതിക തകരാർ സംഭവിച്ചപ്പോൾ വില്യംസ് വസ്തുക്കളെടുക്കാൻ ഷെൽഫിലേക്ക് കയറുകയായിരുന്നു. ഇതിനിടെ തകരാറിലായ റോബോട്ട് കാറിന്റെ ഭാഗമാണെന്ന് കരുതി വില്യംസിനെ അടിക്കുകയായിരുന്നു. 2015 ജൂലായിൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിന് സമീപമുള്ള ഫോക്സ്‌വാഗൻ കാർ നിർമ്മാണശാലയിലും സമാന മരണം ഉണ്ടായിട്ടുണ്ട്.

റോബോട്ടിനെ സെറ്റ് ചെയ്യുന്നതിനിടെ 22 കാരനായ ടീം അംഗത്തെ റോബോട്ട് അബദ്ധത്തിൽ പിടികൂടി സമീപത്തെ ഇരുമ്പ് ഫലകത്തിലേക്ക് അടിക്കുകയായിരുന്നു. ഇന്ത്യയിലും ഇതുപോലൊരു സംഭവമുണ്ടായിട്ടുണ്ട്. 2015 ഓഗസ്റ്റിൽ ഹരിയാനയിലെ മനേസറിലെ ഒരു ഫാക്ടറിയിൽ മെറ്റൽ ഷീറ്റുകൾ വെൽഡ് ചെയ്യുന്ന റോബോട്ടിന്റെ അടിയേറ്റ് 24കാരനായ തൊഴിലാളി മരിച്ചിരുന്നു. റോബോട്ടിൽ കുടുങ്ങിയ ഷീറ്റ് നേരെയാക്കാൻ ശ്രമിക്കവെ റോബോട്ടിലെ മൂർച്ചയേറിയ വെൽഡിംഗ് സ്റ്റിക്ക് തൊഴിലാളിയുടെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു. മനുഷ്യരെ തിരിച്ചറിയാനുള്ള പ്രത്യേക സെൻസറുകൾ റോബോട്ടിൽ സെറ്റ് ചെയ്തിരുന്നെങ്കിലും ഇത് പ്രവർത്തനരഹിതമാവുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360