അബുദാബി: സോഷ്യൽ മീഡിയയുടെ ഉപയോഗവും ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും സജീവമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് സൈബർ കുറ്റകൃത്യങ്ങളും അടിക്കടി വർദ്ധിച്ചുവരികയാണ്. ആയിരക്കണക്കിനുപേരാണ് ദിനംപ്രതി ഓൺലൈൻ തട്ടിപ്പിനിരകളാകുന്നത്. ഇപ്പോഴിതാ യുഎഇയിലെ താമസക്കാരെ ലക്ഷ്യമിട്ടിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘം. വേനൽക്കാലമായതോടെ യുഎഇയിലെ ഭൂരിഭാഗം താമസക്കാരും അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുകയാണ്. ഈ സാഹചര്യം മുതലെടുക്കുകയാണ് തട്ടിപ്പ് സംഘങ്ങൾ.
വലിയ വിലക്കുറവിൽ റൂം വാടക മുതൽ യാത്രാ പാക്കേജുകൾ വരെ ലഭ്യമാകും എന്ന രീതിയിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ യുഎഇയിലെ താമസക്കാരെ ആകർഷിക്കുന്നത്. എഐ ഉപയോഗിച്ച് ആൾമാറാട്ടം പോലും ഇവർ നടത്തുന്നു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ കണക്ക് പ്രകാരം, രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളിൽ 75 ശതമാനവും വ്യാജ ഇ-മെയിലുകൾ അല്ലെങ്കിൽ മെസേജുകളിലൂടെയാണ് നടക്കുന്നത്.
തട്ടിപ്പുകാർ ആഗോളതലത്തിൽ പ്രതിദിനം ഏകദേശം 3.4 ബില്യൺ വ്യാജ സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നതിൽ 90 ശതമാനവും എഐ അധിഷ്‌ഠിത തട്ടിപ്പുകളാണ്. മുമ്പത്തെ അപേക്ഷിച്ച് തട്ടിപ്പുകാരുടെ സന്ദേശങ്ങൾ ഇപ്പോൾ കൂടുതൽ വിശ്വാസ്യത തോന്നുന്ന രീതിയിലാണെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം യുഎഇയിലെ 40,000ത്തിലധികം താമസക്കാരാണ് തട്ടിപ്പിനിരയായത്. ഇവരിൽ നിന്നെല്ലാം ദശലക്ഷക്കണക്കിന് ഡോളർ പണം നഷ്‌ടമായതായും കണക്കുകളുണ്ട്.
വേനൽക്കാലത്ത് ആളുകൾ കൂടുതൽ യാത്ര ചെയ്യുന്നു, ഓൺലൈൻ ഷോപ്പിംഗ് വർദ്ധിക്കുന്നു, യാത്രകളുടെ ഭാഗമായി പല ബുക്കിംഗുകളും ചെയ്യുന്നു. ഇതെല്ലാം കേന്ദ്രീകരിച്ചാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കുന്നത്. മനുഷ്യരുടെ വിശ്വാസം നേടിയെടുക്കുന്ന രീതിയിൽ തട്ടിപ്പ് രീതികൾ വളർന്നിരിക്കുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ദിനംപ്രതി തട്ടിപ്പുകളുടെ രീതി തന്നെ മാറിവരികയാണ്. എഐയുടെ വരവ് തട്ടിപ്പുകാരുടെ ജോലിഭാരം കുറച്ചിട്ടുണ്ട്. യഥാർത്ഥ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ തുടങ്ങാനും ഡീപ്‌ഫേക്ക് വീഡിയോകൾ സൃഷ്‌ടിച്ച് ജനങ്ങളെ വഞ്ചിക്കാനും ഇവർക്ക് സാധിക്കും.
UAE authorities have warned of a rise in AI-powered online scams targeting residents during the summer travel season. Fraudsters are using fake travel offers, phishing messages, and deepfake technology to deceive people, urging the public to verify deals and avoid suspicious links or messages.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |