ന്യൂഡൽഹി: അടിവസ്‌ത്രം മാത്രം ധരിച്ച് മണ്ഡലത്തിലുള്ളവരുടെ അപേക്ഷകളിൽ ഒപ്പിട്ട ആംആദ്‌മി പാർട്ടി എംഎൽഎ വിവാദത്തിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എംഎൽഎയായ അനിൽ ഝാ വത്സാണ് വിവാദത്തിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെ എംഎൽഎയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത.
ബനിയനും ഷോർട്‌സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സ്‌ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ട്. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ അപേക്ഷയുമായെത്തുന്നത് ദൃശ്യങ്ങളിൽ കാണാം.
നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെയാണ് ഈ വിഷയം ചൂണ്ടിക്കാട്ടി രേഖ ഗുപ്‌ത വിമർശനം ഉന്നയിച്ചത്. ജനപ്രതിനിധികൾ മാന്യത പാലിക്കണമെന്നാണ് രേഖ ഗുപ്‌ത വിമർശിച്ചത്.
'അപേക്ഷകളുമായി സ്‌ത്രീകൾ എത്തുമ്പോഴെങ്കിലും ശരിയായ വസ്‌ത്രം ധരിക്കണം. നിങ്ങളുടെ പെരുമാറ്റം ലജ്ജാകരമാണ്. ഒരു ജനപ്രതിനിധി ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ പാടില്ല'- രേഖ ഗുപ്‌ത പറഞ്ഞു.
സ്‌ത്രീകളുടെ മാനവും അന്തസും സംരക്ഷിക്കേണ്ടത് എല്ലാ ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും അവർ വ്യക്തമാക്കി. നിയമ സഭാ നടപടകൾക്കിടെ അനിൽ ഝാ അസ്ലീല ആംഗ്യം കാണിച്ചെന്നും രേഖ ഗുപ്‌ത ആരോപിച്ചു. സംഭവത്തിൽ ഉചിതമായ തലത്തിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |