SignIn
Kerala Kaumudi Online
Saturday, 15 August 2026 9.37 PM IST

'ഒരു കുട്ടിക്ക് ഇത് എങ്ങനെ ഉപയോഗിക്കാൻ കഴിയും' സർക്കാർ സ്കൂളിലെ വൃത്തിഹീനമായ ടോയ്‌ലറ്റുകൾക്കെതിരെ അഭിജീത് ദീപ്‌കെ

dipke-dirty-toilets
വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുന്ന ദിപ്‌കെ

മുംബയ്: മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി 'കോക്ക്രോച്ച് ജൻതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. ഹിംഗോളി ജില്ലയിലെ സ്വന്തം ഗ്രാമമായ സന്തുക് പിംപ്രിയിലെ സർക്കാർ സ്‌കൂൾ സന്ദർശിച്ചാണ് 'സ്‌കൂൾ ഠിക് കറോ' എന്ന പേരിൽ പ്രചാരണത്തിന് തുടക്കമിട്ടത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 80 വർഷങ്ങൾ പിന്നിട്ടിട്ടും സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്ന് ദിപ്‌കെ ആരോപിച്ചു. കുടിവെള്ളമില്ല, വിദ്യാർത്ഥികൾക്ക് ഇരിക്കാൻ ബെഞ്ചുകളില്ല, ശുചിമുറികൾ വൃത്തിഹീനമാണ്, ജനലുകൾ തകർന്ന നിലയിലാണ്, ജലവിതരണവുമില്ല തുടങ്ങിയ പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ചത്രപതി സംഭാജിനഗറിലെ തന്റെ സ്വന്തം വീട്ടിൽ നിന്നും 234 കിലോമീറ്റർ യാത്ര ചെയ്താണ് സ്വാതന്ത്ര്യദിനത്തിലെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ദിപ്‌കെ സന്തുക് പിംപ്രിയിലെത്തിയത്. ചടങ്ങിന് ശേഷം സർക്കാർ സ്‌കൂളിലെത്തി അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് പരിശോധിക്കുകയും ചെയ്തു. സ്‌കൂളിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന വീഡിയോകളും ദിപ്‌കെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ചിത്രങ്ങളുള്ള ബാനറുകൾ ഉപയോഗിച്ച് മറച്ച നിലയിലുള്ള തകർന്ന ജനലും അദ്ദേഹം വീഡിയോയിൽ കാണിച്ചു. മാലിന്യവും അഴുക്കും നിറഞ്ഞ ശുചിമുറിയുടെ ദൃശ്യങ്ങളും പങ്കുവച്ചുകൊണ്ട് ഒരു കുട്ടിക്ക് എങ്ങനെ ഇതുപോലെയുള്ള ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ കഴിയുമെന്നും ദിപ്‌കെ ചോദിച്ചു.

വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ ദിപ്‌കെ, മറുപടികൾ രേഖപ്പെടുത്തുകയും ചെയ്തു. ഗ്രാമത്തലവനുമായി സംസാരിച്ചെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ദിപ്‌കെ പറഞ്ഞു. സ്‌കൂളിലെ പോരായ്മകൾ വ്യക്തമാക്കുന്ന വീഡിയോകൾ മാതാപിതാക്കൾക്ക് സി.ജെ.പി കൈമാറാമെന്നും ‌തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇടപെടുന്ന ഗ്രാമത്തലവന്മാരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും ദിപ്‌കെ വ്യക്തമാക്കി. സ്‌കൂളുകളുടെ അവസ്ഥ ഗൗരവമായി കാണണമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള തുല്യാവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി സമാനമായ പ്രചാരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിന്റെ 'കോക്ക്രോച്ച്' പരാമർശത്തെ തുടർന്നാണ് ദിപ്‌കെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായി സി.ജെ.പി ആരംഭിച്ചത്. ജൂലായ് 25ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ സി.ജെ.പി നടത്തിയ പ്രതിഷേധവും ശ്രദ്ധ നേടിയിരുന്നു. ഓഗസ്റ്റ് അഞ്ചിന് സി.ജെ.പി 'പ്രഷർ ഗ്രൂപ്പായി' പ്രവർത്തനം തുടരുമെന്നും പൊതുജനങ്ങൾ നേരിടുന്ന മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദിപ്‌കെ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനായി 'ക്യാ ബോൽതി പബ്ലിക്' എന്ന പ്രചാരണത്തിനും അദ്ദേഹം തുടക്കമിട്ടിരുന്നു.

English Summary

Abhijeet Dipke, founder of the Cockroach Janta Party (CJP), has highlighted the poor condition of a government school in his native village in Maharashtra’s Hingoli district. He pointed to the lack of drinking water and benches, broken windows and unhygienic toilets, questioning how children could use such facilities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, ABHIJIT DEEPKE, DIRTY TOILETS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360