
തിരുവനന്തപുരം: തുടർച്ചയായ പരാജയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി പഴങ്കഥ. ഐ.എസ്.ആർ.ഒ വിജയപാതയിൽ തിരിച്ചെത്തി. ജി.എസ്.എൽ.വി -മാർക്ക് 2 റോക്കറ്റിൽ 2400കിലോഗ്രാം ഭാരമുള്ള ഇ.ഒ.എസ് - 05 ഭൗമനിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
ആറുമാസത്തിനുള്ളിൽ ഗഗൻയാൻ ആളില്ലാപേടകവും നാവിക് ഗതിനിർണ്ണയ ഉപഗ്രഹവുമുൾപ്പെടെ ആറ് വിക്ഷേപണങ്ങൾ നടത്താൻ വഴിയൊരുങ്ങി. കേന്ദ്രസർക്കാർ ഇതിന് അനുമതി നൽകുമെന്ന് ഉറപ്പായി. ശാസ്ത്രജ്ഞരുടെ അർപ്പണബോധവും രാജ്യസ്നേഹവും തെളിയിച്ച വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 2.55ഓടെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്ന് ജി.എസ്.എൽ.വി.മാർക്ക് - 2ന്റെ എഫ് 17 റോക്കറ്റ് കുതിച്ചുയർന്നത്. 18 മിനിറ്റിനുള്ളിൽ 171കിലോമീറ്ററിലധികം ഉയരത്തിലുള്ള താൽക്കാലിക ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ചു. വരുംദിവസങ്ങളിൽ ഭ്രമണപഥങ്ങൾ മാറി മാറി 36000കിലോമീറ്റർ ഉയരത്തിലെ ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ നിലയുറപ്പിക്കും. ഇത്രയും ഉയരത്തിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണിത്. പത്ത് വർഷമാണ് കാലാവധി.
ഭൂമിക്കൊപ്പം സഞ്ചരിക്കുന്നതിനാൽ 24 മണിക്കൂറും ഇന്ത്യയും അയൽരാജ്യങ്ങളും നിരീക്ഷണത്തിലാവും. 2,360കിലോയിലേറെ ഭാരമുള്ള ഇ.ഒ.എസ് - 05 ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റ് വഹിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയതാണ്. റോക്കറ്റിന്റെ മൂന്നാംഘട്ടമായ ക്രയോജനിക് എൻജിന്റെ ജ്വലനം കിറുകൃത്യമായിരുന്നു. 2025ലും 2026ലുമായി ആറ് ദൗത്യങ്ങളിൽ മൂന്നെണ്ണം പരാജയപ്പെട്ടിരുന്നു.
ബഹിരാകാശ പദ്ധതിയിലെ വലിയൊരു നേട്ടമാണിത്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം
-ഡോ.വി.നാരായണൻ,
ഐ.എസ്.ആർ.ഒ ചെയർമാൻ
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകും
-പ്രധാനമന്ത്രി നരേന്ദ്രമോദി
ആകാശക്കണ്ണുകളിൽ
അതിശക്തൻ
1 ലോകത്തെ ഏറ്റവും വ്യക്തതയുള്ള ആകാശക്കണ്ണുള്ള ഉപഗ്രഹം. ദക്ഷിണേഷ്യ മുഴുവൻ നിരീക്ഷണത്തിലാകും. പാകിസ്ഥാനും തുർക്കിയും സൗദിഅറേബ്യയും സൈനിക സഹകരണകരാറുണ്ടാക്കിയ സാഹചര്യത്തിൽ പ്രസക്തി വർദ്ധിച്ചു
2 പാക്കിസ്ഥാന്റെ എല്ലാ സൈനികത്താവളങ്ങളും രഹസ്യകേന്ദ്രങ്ങളും സൂക്ഷ്മനിരീക്ഷണത്തിലാവും . സൈനിക നീക്കങ്ങളും അതിർത്തിയിലെ ചലനങ്ങളും കൃത്യതയോടെ അറിയാം. പ്രതിരോധ തന്ത്രങ്ങൾ ആസൂത്രണംചെയ്യാൻ സഹായിക്കും
3 പ്രദേശത്തെ മാറ്റങ്ങൾ എ.ഐ സഹായത്തോടെ സ്വയം വിലയിരുത്തും. കളറിലുള്ള ഇമേജ് ലഭിക്കും. മൾട്ടി സ്‌പെക്ട്രൽ ഇമേജർ ശത്രു മറച്ചുവച്ചിരിക്കുന്ന സൈനിക താവളങ്ങൾ വരെ തിരിച്ചറിയും
4 കാലാവസ്ഥാപ്രവചനം, പ്രകൃതിദുരന്ത നിരീക്ഷണം തുടങ്ങിയവ സാദ്ധ്യമാക്കാൻ ഹൈ റെസല്യൂഷൻ ക്യാമറകളും സെൻസറുകളുമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |