SignIn
Kerala Kaumudi Online
Saturday, 05 September 2026 12.45 AM IST

മൂന്ന് മക്കളെ കൊക്കയിലെറിഞ്ഞ ശേഷം ഗുസ്തി താരം ജീവനൊടുക്കി

d

മുംബയ്: മൂന്ന് മക്കളെ നൂറടിയിലേറെ താഴ്ചയുള്ള കൊക്കയിലെറിഞ്ഞശേഷം ദേശീയ വനിതാ ഗുസ്തിതാരം ജീവനൊടുക്കി. രണ്ട് മക്കൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ലാത്തൂർ ജില്ലയിലെ അംബുൽഗ സ്വദേശിയായ അശ്വിനി മനോഹർ പോളും (30), മകൻ അജിങ്ക്യ (6), ഇരട്ട പെൺമക്കളിൽ ഒരാളായ ക്രാന്തി (രണ്ടര) എന്നിവരാണ് മരിച്ചത്. വീരയാണ് (രണ്ടര) ചികിത്സയിലുള്ളത്. ഭർതൃ വീട്ടുകാരുടെ മാനസികവും ശാരീരികവുമായി പീഡനത്തെ തുടർന്നാണ് മകളുടെ മരണമെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അശ്വിനിയും മക്കളും ധാരാശിവ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ നൽദുർഗ് കോട്ടയിലെത്തിയത്. കേക്കും ചോക്കലേറ്റും കരുതിയിരുന്നു. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നറിഞ്ഞതോടെ മക്കളുടെ പിറന്നാൾ ആഘോഷമാണെന്ന് അറിയിച്ച് കോട്ടയിൽ കയറി. പിന്നാലെ മക്കളെ കൊക്കയിലെറിഞ്ഞ് അശ്വിനിയും ചാടുകയായിരുന്നു. അജിങ്ക്യയും അശ്വിനിയും തത്ക്ഷണം മരിച്ചു. ക്രാന്തി ചികിത്സയ്ക്കിടെ മരിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി കോർപ്പറേഷനിൽ ജോലി ചെയ്തുവരികയായിരുന്ന അശ്വിനി ഭർത്താവിന്റെ നിർബന്ധത്താൽ അഞ്ചുമാസം മുമ്പ് ജോലി രാജി വച്ചിരുന്നു. ഭർത്താവ് മനോഹർ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ മൂന്ന് മാസമായി മക്കൾക്കൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. നൽദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വർണവേട്ടയുടെ തുടക്കം

തിരുവനന്തപുരത്ത് നിന്ന്

ദേശീയതലത്തിൽ ഗുസ്തിയിൽ അഞ്ച് സ്വർണവും ആറ് വെള്ളി മെഡലുകളും നേടിയ അശ്വിനി മഹാരാഷ്ട്രയുടെ പെൺപുലി എന്നാണ് അറിയപ്പെട്ടിരുന്നത്. 2007ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പിന്നാലെ 2008ലും 2009ലും ഗുർദാസ്പൂർ, ചെന്നൈ എന്നിവിടങ്ങളിലും സ്വർണനേട്ടം. ഭോപ്പാൽ, കാൺപൂർ, ഹരിയാന, പൂനെ, കന്യാകുമാരി, സെയ്ഫായ് എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. അമ്മയുടെ കുടുംബപ്പേരായ 'മോഹിതേ" എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360