
ന്യൂഡൽഹി: മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടാൻ ആർ.ബി.ഐക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി.
തുടർന്ന് പരമാവധി അഞ്ചു വർഷത്തേക്ക് അഡ്മിനിസ്ട്രേറ്ററെ നിയമിക്കാം. ഡയറക്‌ടർ ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാനും റിസർവ് ബാങ്കിന് അധികാരമുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയാകണം തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയ മഹാരാഷ്ട്രയിലെ അഭ്യുദയ സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്‌മിനിസ്ട്രേറ്ററെ ഏൽപ്പിച്ചിരുന്നു. റിസർവ് ബാങ്കിന്റെ ഈ നടപടി ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു ഇതിനെതിരെ ഭരണസമിതിയംഗങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളത്തിലെ മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾക്കും വിധി ബാധകമാകും.
പ്രത്യേക നിയന്ത്രണാധികാരം
നിക്ഷേപകരെയും ബാങ്കിനെയും ദോഷകരമായ ഭരണരീതികളിൽ നിന്ന് സംരക്ഷിക്കാനും ബാങ്കിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാനും ബാങ്കിംഗ് നിയന്ത്രണനിയമം ആർ.ബി.ഐക്ക് പ്രത്യേക നിയന്ത്രണാധികാരം നൽകുന്നുണ്ട്.
പുതിയ ഡയറക്‌ടർമാരെ തിരഞ്ഞെടുക്കുന്നതിനായി പൊതുയോഗം വിളിച്ചുചേർക്കാൻ അഡ്മിനിസ്‌ട്രേറ്റർക്ക് നിയമപരമായ ബാദ്ധ്യതയുണ്ട്. റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പിരിച്ചുവിടൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് യോഗം വിളിച്ചുകൂട്ടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |