
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ നയതന്ത്രം ശക്തിപ്പെടുത്താൻ പത്ത് വർഷത്തെ കർമ്മ പദ്ധതിയുമായി കേന്ദ്ര സർക്കാർ. 'രക്ഷ" എന്ന പേരിലുള്ള പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുറത്തിറക്കി. തന്ത്ര പ്രധാന പങ്കാളിത്തം വിപുലീകരിക്കുന്നതിനും, പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും, ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനുമാണ് പദ്ധതിയിൽ ഊന്നൽ.
പ്രതിരോധ നയതന്ത്രത്തെ വിദേശ നയത്തിന്റെ പ്രധാന ഘടകമാക്കും. സൗഹൃദ രാജ്യങ്ങളുമായുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കും. സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലനം, പ്രതിരോധ സാങ്കേതിക വിദ്യാ സഹകരണം, വിവര കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കും. തദ്ദേശീയമായി നിർമിക്കുന്ന പ്രതിരോധ ഉപകരണങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് നയതന്ത്ര സംവിധാനം പ്രയോജനപ്പെടുത്തും. പ്രതിരോധ കയറ്റുമതി വർധിപ്പിച്ച് ആഗോള ആയുധ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കും. സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ
ശേഷി വർധിപ്പിക്കുന്നതിനുള്ള സഹായവും സഹകരണവും തുടരും.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തമാക്കും. സമുദ്ര നിരീക്ഷണം, കടൽക്കൊള്ള തടയൽ, ദുരന്ത നിവാരണം, മാനുഷിക സഹായം തുടങ്ങിയ മേഖലകളിൽ ഇടപെടൽ വർധിപ്പിക്കും. തന്ത്ര പ്രധാന പങ്കാളിത്തം, പ്രതിരോധ ശേഷി വർധിപ്പിക്കൽ, പ്രതിരോധ കയറ്റുമതി, സമുദ്ര സുരക്ഷ എന്നിവയ്ക്കാണ് പ്രധാന പരിഗണന. മാറുന്ന ആഗോള സുരക്ഷാ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന് ദീർഘകാല ദിശ നൽകുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |