ബംഗളൂരു: കാവേരി ജലം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ശക്തമായ എതിർപ്പാണ് കന്നഡ സംഘടനകൾ ഉയർത്തുന്നത്. വെള്ളം വേണ്ടെന്ന് പറയാതെ ബംഗളൂരുവിലേക്ക് വിജയ്‌യെ പ്രവേശിക്കാൻ സമ്മതിക്കില്ലെന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചിരിക്കുന്നത്. വരികയാണെങ്കിൽ വിമാനത്താവളത്തിൽ തടയുമെന്നും സംഘടനകൾ വ്യക്തമാക്കി.
കൂടാതെ, വിജയ്‌യുടെ സിനിമ ജനനായകനെതിരെയും കർണാടകയിൽ പ്രതിഷേധം രൂക്ഷമാണ്. പ്രതിഷേധത്തെത്തുടർന്ന് പല സ്ഥലങ്ങളിലും സിനിമയുടെ പ്രദർശനം നിർത്തിവച്ചു. കർണാടകയിൽ മണ്ഡ്യയിലെ ചില തിയേറ്ററുകളിൽ ജനനായകൻ സിനിമയുടെ നേരത്തെ നിശ്ചയിച്ചിരുന്ന ഷോകളടക്കം റദ്ദാക്കി.
കാവേരി ജലവിതരണ തർക്കത്തിന്റെ പശ്ചാത്തലത്തിൽ കന്നഡ അനുകൂല സംഘടനകൾ മണ്ഡ്യയിൽ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. പ്രതിഷേധക്കാർ സിനിമാ പോസറ്റർ വലിച്ചുകീറുകയും തിയേറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കാവേരി വിഷയത്തിൽ തമിഴ്നാടും കർണാടകയും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചിത്രത്തിന്റെ പ്രദർശനത്തെയും പ്രതിഷേധം പ്രതികൂലമായി ബാധിച്ചത്. അതേസമയം,കർണാടക - തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടനുണ്ടാകില്ല. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ വിജയ്‌മായുള്ള കൂടിക്കാഴ്ച ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു. ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം നിലവിൽ ഇല്ലെന്നും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്നും ഡി കെ ശിവകുമാർ വിജയ്‍യെ അറിയിക്കും.
സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. വിഷയത്തിലെ അടുത്ത നിലപാട് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകൾ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്.
Protests intensified in Karnataka over the Cauvery water dispute, targeting Tamil Nadu Chief Minister Vijay and his film "Jananayakan." Kannada organizations threatened to block Vijay's entry into Bengaluru and halted film screenings. Karnataka Chief Minister D.K. Shivakumar postponed talks with TN Chief Minister Vijay, citing unsuitable conditions, and committed to protecting state interests. A state-wide bandh is called for August 13.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |