SignIn
Kerala Kaumudi Online
Friday, 14 August 2026 2.37 PM IST

'ഇത് എനിക്കും വിദ്യാർത്ഥികൾക്കും ഇടയിലുള്ള വിഷയമാണ്'; ബിസിഐ നടപടിയെ രൂക്ഷമായി വിമ‌ർശിച്ച് ചീഫ് ജസ്റ്റിസ്

chief-justice-surya-kant
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: പ്രതിഷേധം നടത്തിയതിന്റെ പേരിൽ നൽസാർ സർവകലാശാലയിലെ വിദ്യാർത്ഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യുന്നതിൽനിന്ന് തടഞ്ഞ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ (ബിസിഐ) നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ് സൂര്യകാന്ത്. സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയ 2026ലെ ബിരുദധാരികളുടെ എൻറോൾമെന്റാണ് ബിസിഐ തടഞ്ഞത്.

നടപടി തീർത്തും അനാവശ്യമായിരുന്നെന്ന് സൂര്യകാന്ത് പറഞ്ഞു. 'ഞാനും വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇത് എനിക്കും വിദ്യാ‌ർത്ഥികൾക്കും ഇടയിലുള്ള വിഷയമാണ്. ഇതിൽ ഇടപെടാൻ ബിസിഐയ്‌ക്ക് എന്ത് അധികാരമാണുള്ളത്?'- അദ്ദേഹം ചോദിച്ചു.

നാൽസാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് ബിസിഐയുടെ നടപടിക്ക് കാരണമായത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സർവകലാശാല വൈസ് ചാൻസലറോട് ബിസിഐ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണം പൂർത്തിയാകുന്നതുവരെ സർവകലാശാലയിൽനിന്ന് 2026ൽ ബിരുദം നേടിയ വിദ്യാർത്ഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യരുതെന്നായിരുന്നു ബിസിഐയുടെ നിർദേശം. എന്നാൽ, ഇതിനെതിരെ വിമർശനങ്ങൾ ശക്തമായതോടെ മണിക്കൂറുകൾക്കകംതന്നെ നടപടി പിൻവലിച്ചുകൊണ്ട് അവർ ഉത്തരവിറക്കി.

2026 ബാച്ചിലെ ഭൂരിഭാഗം വിദ്യാർത്ഥികളും നിരപരാധികളാണെന്ന് വിവരം ലഭിച്ചതായി ബിസിഐ അറിയിച്ചു. ചീഫ് ജസ്റ്റിസിനെ അനാദരിക്കുന്ന നീക്കങ്ങളിൽ പലരും പങ്കെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് എൻറോൾമെന്റ് തടഞ്ഞ ഉത്തരവ് പിൻവലിച്ചത്.

ബിസിഐ നടപടിക്കെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ വികാസ് സിംഗും രംഗത്തെത്തിയിരുന്നു. ബിസിഐ ചെയർമാൻ മനൻ കുമാർ മിശ്രയ്‌ക്ക് വ്യാഴാഴ്‌ച അയച്ച കത്തിലാണ് അദ്ദേഹം നടപടിയെ വിമർശിച്ചത്. വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ശ്രമമാണ് ബിസിഐ നടത്തുന്നതെന്ന് വികാസ് സിംഗ് പറഞ്ഞു. നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സർവകലാശാലകൾ സ്വതന്ത്ര ചിന്തയ്‌ക്കും അഭിപ്രായ പ്രകടനത്തിനുമുള്ള ഇടങ്ങളാണ്. ഒരു ഭരണഘടനയുടെ അധികാര സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടയരുതെന്നും അദ്ദേഹം വ്യക്തമാക്കി. നൽസാറിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയും നിർദേശിച്ചിട്ടുണ്ട്. ബിസിഐയുടെ സർക്കലുറിൽ കോടതി വിശദീകരണം തേടുകയും ചെയ്‌തു.

English Summary

Chief Justice Surya Kant Mishra criticised the BCI for blocking NALSAR graduates’ bar enrolment over student protests. BCI later withdrew the order, saying most students were not involved.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEF JUSTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360