SignIn
Kerala Kaumudi Online
Monday, 28 September 2026 12.03 AM IST

ഒക്ടോബർ ഏഴ് ആക്രമണത്തിന് മുമ്പ് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ പ്രതിരോധമന്ത്രി

yoav-gallant-netanyahu
മുൻ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ് രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മുൻ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെ വെളിപ്പെടുത്തൽ. ഹമാസിൽനിന്ന് ഷിൻ ബെറ്റുമായി ബന്ധപ്പെട്ട രഹസ്യ ചാനൽ വഴി സന്ദേശം ലഭിച്ചിരുന്നുവെന്നാണ് ഗാലന്റ് വ്യക്തമാക്കിയത്.

ഹമാസ് നേതാവ് യഹ്യ സിൻവാർ 'തടവറകളെ ഇളക്കിമറിക്കും' എന്ന മുന്നറിയിപ്പ് സന്ദേശമാണ് ലഭിച്ചതെന്ന് ഗാലന്റ് പറഞ്ഞു. എന്നാൽ അന്ന് ഷിൻ ബെറ്റും മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റും സന്ദേശത്തെ മറ്റൊരു സംഭവവുമായി കൂട്ടിക്കുഴച്ചാണ് വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ മാദ്ധ്യമമായ ആർമി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗാലന്റിന്റെ വെളിപ്പെടുത്തൽ. ലഭിച്ച സന്ദേശം ഇസ്രയേലിൽ തടവിലായിരുന്നവരുടെ മോചനവുമായി ബന്ധപ്പെട്ട് എലിസബത്ത് ത്സുർക്കോവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയാണെന്നായിരുന്നു അന്നത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലെന്നും ഗാലന്റ് പറഞ്ഞു.

ഗാസ യുദ്ധത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ തന്നെ ഒഴിവാക്കിയെന്നും ഗാലന്റ് ആരോപിച്ചു. ബന്ദികളുടെ വിഷയവും ആയുധ ലഭ്യതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നെതന്യാഹു അമേരിക്കൻ അധികൃതരുമായി നടത്തിയ ചർച്ചകളെക്കുറിച്ച് താൻ അറിഞ്ഞിരുന്നത് പലപ്പോഴും അമേരിക്കൻ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ട ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയിലുള്ള അമേരിക്കൻ അധികൃതരുടെ വിശ്വാസം കുറഞ്ഞ നിലയിലായിരുന്നുവെന്നും ഗാലന്റ് അവകാശപ്പെട്ടു. 2022 മുതൽ 2024 നവംബർ വരെ ഇസ്രയേൽ പ്രതിരോധമന്ത്രിയായിരുന്ന ഗാലന്റ്, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പും തുടർന്ന് ആരംഭിച്ച ഗാസ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലും പദവിയിലുണ്ടായിരുന്നു. യുദ്ധം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിൽ ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് നെതന്യാഹു 2024 നവംബറിൽ ഗാലന്റിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.

ബന്ദിമോചനത്തിനായി ധാരണയിലെത്താൻ കൂടുതൽ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന നിലപാടായിരുന്നു ഗാലന്റിനുണ്ടായിരുന്നത്. എന്നാൽ ഹമാസിനെതിരായ സൈനിക സമ്മർദ്ദം തുടരണമെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. 2025 ജനുവരിയിൽ ഗാലന്റ് നെസറ്റിൽനിന്നും രാജിവച്ചു.

ഒക്ടോബർ ഏഴിന് മുമ്പ് വിദേശരാജ്യങ്ങളിലെ നേതാക്കളിൽനിന്ന് നെതന്യാഹുവിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചും ഗാലന്റ് പ്രതികരിച്ചു. പ്രതിരോധ മന്ത്രിയായിരിക്കെ ഇത്തരം മുന്നറിയിപ്പുകളെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും മാദ്ധ്യമ റിപ്പോർട്ടുകളിലൂടെയാണ് പിന്നീട് കാര്യങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം, അതിന് മുമ്പുള്ള മുന്നറിയിപ്പുകൾ, ഗാസ യുദ്ധത്തിലെ സർക്കാർ നടപടികൾ എന്നിവ സംബന്ധിച്ച ചർച്ചകൾ ഇസ്രയേലിൽ തുടരുന്നതിനിടെയാണ് ഗാലന്റിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. 2026 ഒക്ടോബർ 27നാണ് ഇസ്രയേലിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ്.

English Summary

Former Israeli Defense Minister Yoav Gallant revealed intelligence received a warning weeks before the October 7, 2023 Hamas attack. Gallant stated Shin Bet was alerted to Hamas leader Yahya Sinwar's plan to "shake up the prisons," but agencies misidentified the threat as a kidnapping plot. He also accused Prime Minister Netanyahu of sidelining him from key Gaza war discussions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOAV GALLANT, ISRAEL DEFENCE MINISTER, HAMAS WARNING, NETANYAHU GAZA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360