
അമരാവതി: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിൽ അസൂസ തോന്നുന്നതായി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. ഒരു പൊതുപരിപാടിയിൽ തന്റെ 15 വർഷത്തെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തമിഴ്‌നാട് രാഷ്ട്രീയം നിരീക്ഷിക്കുമ്പോൾ അവർ വളരെ എളുപ്പത്തിലാണ് എല്ലാം നേടിയെടുത്തത്. എനിക്ക് അസൂയ തോന്നി അത് കണ്ടപ്പോൾ. കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് അവർ സന്തോഷത്തോടെ വിജയം കൈവരിച്ചു. ഞാൻ 15 വർഷം തെരുവിൽ അലയുകയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കുക എന്നതിനർത്ഥം ലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കുക എന്നതാണ്. സ്വന്തം കുടുംബാംഗങ്ങളെ പോലും ഒരു കാര്യത്തിൽ യോജിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഒരു പാർട്ടി ആരംഭിച്ച് സമൂഹത്തെ പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത് വലിയ റിസ്‌കായിരുന്നു'- എന്നായിരുന്നു പവൻ കല്യാണിന്റെ വിശദീകരണം.
2024ൽ ടിവികെ എന്ന പാർട്ടി രൂപീകരിച്ച വിജയ് 108 സീറ്റുകൾ നേടി 2026ൽ ഏറ്റവും വലിയ പാർട്ടിയായി മാറുകയും മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. ഇതോടെ ദീർഘകാലമായി തമിഴ്‌നാട് ഭരിച്ചിരുന്ന ദ്രാവിഡ പാർട്ടികളായ ഡിഎംകെയുടെയും എഐഎഡിഎംകെയും ആധിപത്യം അവസാനിക്കുകയും ചെയ്തു.
2014ലാണ് പവൻ കല്യാൺ ജനസേന പാർട്ടി സ്ഥാപിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും കല്യാൺ പരാജയപ്പെട്ടു. പാർട്ടി നിലനിൽക്കുമോ എന്നുപോലും പലരും സംശയിച്ചു.
ക്രമേണ തന്റെ സംഘടന കെട്ടിപ്പടുത്ത പവൻ കല്യാൺ ഒടുവിൽ ബിജെപിയുമായും തെലുങ്കുദേശം പാർട്ടിയുമായും (ടിഡിപി) സഖ്യമുണ്ടാക്കുകയും ചെയ്തു. 2024ലെ ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിൽ ജനസേന പാർട്ടി എക്കാലത്തെയും മികച്ച തിരഞ്ഞെടുപ്പ് പ്രകടനം കാഴ്ചവച്ചു. ടിഡിപി-ബിജെപി-ജെഎസ്‌പി സഖ്യത്തിൽ നിർണായക ശക്തിയായി ഉയർന്നുവന്നു. അദ്ദേഹത്തിന്റെ പാർട്ടി 21 നിയമസഭാ സീറ്റുകളിലും മത്സരിച്ചു. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്തു.
പിതാപുരം നിയോജകമണ്ഡലത്തിൽ നിന്ന് 70000ത്തിലധികം വോട്ടുകൾക്ക് നേടിയാണ് അദ്ദേഹം വിജയിച്ചത്. ഇത് അദ്ദേഹത്തിന്റെ ആദ്യ നിയമസഭാ വിജയമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |