SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.54 AM IST

അറബ്,​ മുസ്ലീം രാജ്യങ്ങളോട് ട്രംപ്: ഇറാൻ യുദ്ധം തീർന്നാൽ,​ ഇസ്രയേലിനെ അംഗീകരിക്കണം

s

ടെഹ്‌റാൻ: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലൂടെ നീങ്ങുന്നതിനിടെ മദ്ധ്യസ്ഥത വഹിക്കുന്ന അറബ്,​ മുസ്ലീം രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഡിമാൻഡ്. ഇറാൻ യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഈ രാജ്യങ്ങൾ ഇസ്രയേലുമായി 'എബ്രഹാം ഉടമ്പടി'യിൽ ഒപ്പുവയ്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള ഒരു കൂട്ടം കരാറുകൾ ആണ് എബ്രഹാം ഉടമ്പടികൾ. സൗദി അറേബ്യ,​ യു.എ.ഇ,​ ഖത്തർ,​ പാകിസ്ഥാൻ,​ തുർക്കി,​ ഈജിപ്റ്റ്,​ ജോർദ്ദാൻ,​ ബഹ്റൈൻ എന്നിവിടങ്ങളിലെ നേതാക്കളുമായി ട്രംപ് കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയിരുന്നു.

ഈ രാജ്യങ്ങൾ നിർബന്ധമായും ഒന്നിച്ച് എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. യു.എ.ഇയും ബഹ്റൈനും നേരത്തെ തന്നെ എബ്രഹാം ഉടമ്പടികളുടെ ഭാഗമായിരുന്നു. സൗദിയും ഖത്തറും ആദ്യം ഒപ്പിടണമെന്നാണ് ട്രംപിന്റെ ആവശ്യം. ട്രംപിന്റെ ഉപദേഷ്ടാക്കളായ ജറേഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്കോഫും വരും ആഴ്ചകളിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തും.

കൂട്ടത്തിൽ ഒന്നോ രണ്ടോ രാജ്യങ്ങൾക്ക് പ്രത്യേക കാരണങ്ങളാൽ ഉടമ്പടിയുടെ ഭാഗമാകാൻ താത്പര്യമില്ലായിരിക്കാമെന്നും താൻ അത് അംഗീകരിക്കുമെന്നും ട്രംപ് പറയുന്നു. ഇസ്രയേലിനെ പ്രധാന ശത്രുവായി കാണുന്ന ഇറാനും ഒരു ദിവസം ഉടമ്പടിയുടെ ഭാഗമാകുമെന്നാണ് ട്രംപിന്റെ വാദം.

അതേ സമയം, ഇറാൻ ചർച്ച നന്നായി പുരോഗമിക്കുന്നെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ എല്ലാവർക്കും വേണ്ടിയുള്ള മഹത്തായ കരാറിലേക്ക് ആകും എത്തുകയെന്നും മറിച്ചായാൽ കരാറേ ഉണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.


# അമ്പരന്ന് സൗദി


ട്രംപിന്റെ ആവശ്യംകേട്ടതും നേതാക്കൾ, പ്രത്യേകിച്ച് ഇസ്രയേലുമായി ഔപചാരിക നയതന്ത്ര ബന്ധമില്ലാത്ത സൗദി, ഖത്തർ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ നേതാക്കൾ അമ്പരന്നു. എല്ലാവരും നിശബ്ദരായതോടെ നിങ്ങൾ അവിടെയുണ്ടോ എന്ന് ട്രംപ് തമാശ പറയുകയും ചെയ്തത്രെ.!

 വഴിത്തിരിവ് ഉടനില്ല


ചർച്ചയിൽ പുരോഗതിയുണ്ടെങ്കിലും ഇടക്കാല കരാർ ഉടൻ പ്രതീക്ഷിക്കേണ്ട എന്ന് ഇറാൻ. വെടിനിറുത്തൽ 60 ദിവസത്തേക്ക് നീട്ടി, അതിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ വിഷയത്തിൽ ധാരണയിലെത്താനുമാണ് കരാർ.

--------------------------------

# സൗദിയും മറ്റ് രാജ്യങ്ങളും ട്രംപിന്റെ നിർദ്ദേശം തള്ളിയാൽ യു.എസുമായുള്ള ഭാവി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

- ലിൻഡ്‌സെ ഗ്രഹാം,

സെനറ്റ് അംഗം, യു.എസ്


# എബ്രഹാം ഉടമ്പടികളിലൂടെ 5,000 വർഷത്തിനിടെ ആദ്യമായി മിഡിൽ ഈസ്റ്റിൽ യഥാർത്ഥ ബലവും ശക്തിയും സമാധാനവും കൈവരിക്കാനാകും.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

--------------------------------


# എബ്രഹാം ഉടമ്പടികൾ

 ഇസ്രയേലും അറബ്, മുസ്ലീം രാജ്യങ്ങളും തമ്മിലെ നയതന്ത്റ, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ യു.എസ് ആവിഷ്കരിച്ച കരാർ പരമ്പര

 2020ൽ ആദ്യ കരാർ യു.എ.ഇയുമായി (ട്രംപിന്റെ ആദ്യ ടേമിൽ)​. ബഹ്റൈൻ, മൊറോക്കോ, സുഡാൻ, കസഖ്സ്ഥാൻ എന്നിവരും ഭാഗം

 സ്വതന്ത്ര പാലസ്തീൻ നിലവിൽ വന്ന ശേഷമേ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കൂ എന്ന നിലപാടിൽ നിന്നുള്ള അറബ് രാജ്യങ്ങളുടെ മാറ്റമായി വിലയിരുത്തപ്പെടുന്നു. പാലസ്തീൻ സംഘടനകൾ എതിർക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360