SignIn
Kerala Kaumudi Online
Saturday, 15 August 2026 2.01 PM IST

19-ാം വയസിൽ ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട യുവ വിപ്ലവകാരി; ഭഗത് സിംഗിന് മാതൃകയായ കർത്താർ  സിംഗ് സരഭാ

kartar-singh-sarabha
കർത്താർ സിംഗ് സരഭാ

ലുധിയാന: വെറും 19-ാം വയസിൽ, ജീവിതം സ്വപ്നം കാണുന്നതിന് മുൻപ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവൻ സമർപ്പിച്ച കർത്താർ സിംഗ് സരഭയെ അത്രവേഗം ഇന്ത്യക്കാർ മറക്കാൻ കഴിയില്ല. അധികമാരും പറഞ്ഞുകേൾക്കാത്ത ധീരതയുടെ കഥയാണ് കർത്താർ സിംഗ സരഭയുടേത്. മരണത്തെ ഭയക്കാതെ ബ്രീട്ടിഷ് ഭരണത്തിനെതിരെ പോരാടിയ കർത്താർ സിംഗ് സരഭയുടെ പേര് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ്.

19-ാം വയസിൽ ചെറുപുഞ്ചിരിയോടെ തൂക്കുമരത്തെ നേരിട്ട ആ യുവാവ് ധൈര്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും വലിയ പാഠമാണ് ജനങ്ങൾക്ക് സമ്മാനിച്ചത്. 1896 മേയ് 26ന് പഞ്ചാബ് ലുധിയാന ജില്ലയിൽ ഗ്രെവാൾ ജാട്ട് സിഖ് കുടുംബത്തിലെ മംഗൽ സിംഗിന്റെ മകനായാണ് കർത്താർ സിംഗ് സരഭയുടെ ജനനം. പിതാവിന്റെ മരണത്തെത്തുടർന്ന് മൂത്തച്ഛനാണ് കർത്താർ സിംഗിനെ വളർത്തിയത്. തുടർ പഠനത്തിന് 1912ലാണ് കർത്താർ കപ്പൽ മാർഗം സാൻഫ്രാൻസിസ്‌കോയിലേക്ക് പോയി. അവിടെ ഇന്ത്യക്കാരെയടക്കം വ്യാപകമായി പരിശോധിക്കുന്നതും ഇന്ത്യയിൽ നിന്ന് വരുന്ന ബ്രിട്ടീഷുകാരെ പരിശോധിക്കാത്തതും കർത്താറിൽ പുതിയ ചിന്തകൾക്ക് വഴിവച്ചു.

കാലിഫോണിയ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായ അദ്ദേഹം അവിടെ ചെറിയ ജോലി ചെയ്താണ് പഠനം തുടർന്നത്. ഇതിനിടെയാണ് അദ്ദേഹം ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളായ ലാലാ ഹർദയാലിനെ പരിചയപ്പെടുന്നത്. ഗദ്ദർ പാർട്ടി പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചത്.

പിന്നാലെ കർത്താർ സിംഗ് സരഭ ഗദ്ദർ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെത്തിയ കർത്താർ തങ്ങൾക്ക് ഭീഷണിയാകുമെന്ന് കണ്ട ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഒന്നാം ലാഹോർ ഗൂഢാലോചനക്കേസിൽ (ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽനിർത്തി ബ്രിട്ടീഷ് സൈന്യത്തിൽ കലാപമുണ്ടാക്കാൻ ഗദ്ദർ പാർട്ടി 1915ൽ ശ്രമിച്ചു. ഒന്നാം ലാഹോർ ഗൂഢാലോചന കേസ് എന്ന് ബ്രിട്ടീഷുകാർ വിളിച്ച ഈ സംഭവത്തിൽ 42 വിപ്ളവകാരികളെ സർക്കാർ വധശിക്ഷയ്‌ക്ക് വിധിച്ചു)​ അറസ്റ്റ് ചെയ്ത് ലാഹോർ ജയിലിൽ അടച്ചു. ശേഷം 1915 നവംബർ 16ന് ലാഹോർ ജയിലിൽ തന്നെ തൂക്കിലേറ്റി. ഭഗത് സിംഗ് ഉൾപ്പെടെ പിന്നീട് വന്ന വിപ്ലവകാരികളിൽ സരഭയുടെ ജീവിതവും ആശയങ്ങളും വലിയ സ്വാധീനം ചെലുത്തിയതായിരുന്നു. 1931 മാർച്ച് 23ന് ഭരത് സിംഗിനെയും ലാഹോർ ജയിലിലാണ് തൂക്കിലേറ്റിയത്.

English Summary

Kartar Singh Sarabha, an Indian freedom fighter born in Punjab in 1896, was martyred at 19. He became active with the Ghadar Party while studying in San Francisco. Arrested in the First Lahore Conspiracy Case for fighting British rule, Sarabha was hanged on November 16, 1915, in Lahore Jail. His life influenced later revolutionaries like Bhagat Singh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARTAR SINGH SARABHA, KARTAR SINGH SARABHA STORY, BHAGAT SINGH INSPIRATION, GHADAR PARTY, INDIAN FREEDOM FIGHTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360