മണ്ഡി: കേന്ദ്രസർക്കാരിന്റെ വികസന ഫണ്ട് വിനിയോഗിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി നടിയും മണ്ഡി ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ നടന്ന ജില്ലാ വികസന ഏകോപനനിരീക്ഷണ സമിതി യോഗത്തിലായിരുന്നു കങ്കണയുടെ പ്രതികരണം.
കേന്ദ്ര പദ്ധതികളുടെ പുരോഗതിയും വിവിധ വികസന പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നതിനിടെയായിരുന്നു കങ്കണ ഉദ്യോഗസ്ഥരോട് കർശന നിലപാട് സ്വീകരിച്ചത്. സർക്കാർ അനുവദിക്കുന്ന പണം യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തണമെന്നും ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം അനുവദിക്കരുതെന്നും കങ്കണ വ്യക്തമാക്കി.
പൊതുപണം തെറ്റായ കൈകളിലേക്ക് പോകരുത്. സർക്കാർ ഫണ്ടിന്റെ 30 മുതൽ 40 ശതമാനം വരെ തെറ്റായ കൈകളിലേക്ക് പോകുന്നുണ്ട്. പദ്ധതികളുടെ നടത്തിപ്പിൽ വീഴ്ചയോ ക്രമക്കേടോ കണ്ടെത്തിയാൽ അത് അവഗണിക്കരുതെന്നും ശക്തമായ നിരീക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. മണ്ഡി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വൈകുന്നതിലും എംപി അതൃപ്തി രേഖപ്പെടുത്തി. രണ്ടുവർഷം വരെ പഴക്കമുള്ള പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാത്തതിനെതിരെയായിരുന്നു രൂക്ഷ വിമർശനം.
'കാര്യങ്ങൾ പരിഹരിക്കുമെന്ന് പറയാനുള്ള സമയം കഴിഞ്ഞു. ഒന്നര മുതൽ രണ്ടുവർഷം വരെ പഴക്കമുള്ള കാര്യങ്ങളാണിത്. ഇനി ജോലി പൂർത്തിയാക്കി, അത് പൂർത്തിയായെന്ന് എന്നെ റിപ്പോർട്ട് ചെയ്യണം' — കങ്കണ ഉദ്യോഗസ്ഥരോട് പറഞ്ഞു. താൻ 11 കോടി രൂപ അനുവദിച്ചിട്ടും ഒരു പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന ആരോപണവും കങ്കണ ഉന്നയിച്ചു. ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന വീഴ്ചയെ കഴിവുകേടെന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
'മാദ്ധ്യമങ്ങൾക്കു മുന്നിൽ ഞാൻ എന്താണ് പറയേണ്ടത്? നിങ്ങളൊക്കെ ഇവിടെ ശമ്പളം വാങ്ങാൻ മാത്രമാണോ വരുന്നതെന്ന് പറയണോ? നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടത്? അവരുടെ ജോലിയോടുള്ള സമീപനം എങ്ങനെയാണെന്ന് പറയേണ്ടി വരുമോ? കസേരകളിൽ ഇരിക്കുന്നവർ മടിയന്മാരും കഴിവുകെട്ടവരുമാണെന്ന് ദേശീയ മാദ്ധ്യമങ്ങളോട് പറയണോ? എന്റെ സ്വന്തം മണ്ഡലത്തെക്കുറിച്ചും എന്റെ സ്വന്തം നാട്ടുകാരെക്കുറിച്ചും ഞാൻ എന്താണ് പറയേണ്ടത്?' — കങ്കണ ചോദിച്ചു.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്നും അവയുടെ പ്രയോജനം അർഹരായ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എംപി നിർദേശിച്ചു. വികസന പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും കങ്കണ നിർദേശിച്ചു. യോഗങ്ങളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെയും കങ്കണ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ നടന്ന ഡിഷ യോഗത്തിലും അവലോകന യോഗങ്ങളെ ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണണമെന്നും വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
kangana ranaut, bjp mp from mandi, strongly criticised government officials during a DISHA meeting in Himachal Pradesh over delays in development projects and the alleged misuse of public funds. She said 30–40% of government money could be going into the wrong hands and stressed the need for greater accountability and monitoring.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |