ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്ഐആർ) അപാക്തകളും തിരഞ്ഞെടുപ്പ് കമ്മീനഷനുള്ളിൽ രൂപപ്പെട്ട ഭിന്നതകളും ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സമരത്തിലേക്ക് കടന്നിരിക്കുകയാണ്.
ഡൽഹിയിൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ (ഡി.പി.സി.സി) നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടന്ന മാർച്ചും ജന്തർ മന്ദറിൽ ഇടതു വിദ്യാർത്ഥി സംഘടനയായ ഐസയുടെ (എഐഎസ്എ) നേതൃത്വത്തിൽ നടന്ന ഉപരോധവും പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു. അസമിൽ ലോക്സഭാ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗോഗോയി, ഡൽഹി ജന്തർ മന്ദറിൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ തുടങ്ങിയ പ്രമുഖ നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
അസം, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, യുപി, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധ മാർച്ചുകൾ നടന്നു. എസ്ഐആറിന് ശേഷം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യേകിച്ച് പുതിയ തലമുറയിലെ വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെട്ടുവെന്നാരോപിച്ചാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭത്തിലേക്ക് കടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ വിശ്വാസ്യത പൂർണമായും തകർന്നെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്ത് പുറത്താക്കി വിചാരണ നടപടികൾക്ക് വിധേയനാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വരുന്ന മണിക്കൂറുകളിൽ കൂടുതൽ ബഹുജന സംഘടനകൾ ഡൽഹി കേന്ദ്രീകരിച്ച് തെരുവിലിറങ്ങുമെന്നറിയിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
Protests have intensified across India, demanding the resignation of Chief Election Commissioner Gyanesh Kumar over alleged flaws in voter list revision and internal Election Commission divisions. Opposition parties and student organizations led demonstrations. Marches in Delhi by Congress and AISA resulted in clashes with police. Several prominent leaders, including Gaurav Gogoi and Prashant Bhushan, were taken into custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |