കൊൽക്കത്ത: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ടോയ്‌ലെറ്റിനുള്ളിൽ നഴ്‌സിനെ മരിച്ചനിലയിൽ കണ്ടെത്തി. ഗൈനക്കോളജി വിഭാഗത്തിലെ നഴ്‌സായ രൂപാലി ബർമാനാണ് (30) മരിച്ചത്. കൊൽക്കത്തയിലെ നിൽരതൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
അന്നേദിവസം രാത്രി എട്ടുമണിക്കാണ് രൂപാലി ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ ഹൈ ഡിപ്പൻഡൻസ് യൂണിറ്റിലായിരുന്നു രൂപാലിയുടെ ഡ്യൂട്ടി. രോഗികളിലൊരാളെ പരിചരിച്ച ശേഷം രാത്രി 10.30 ഓടെ ഇവർ ടോയ്‌ലെറ്റിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ശുചിമുറിക്ക് പുറത്തുനിന്ന് വിളിച്ചുചോദിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് രൂപാലിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ട്രോളിയിൽ കിടത്തി അടിയന്തര ചികിത്സാ വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്താണ് നടന്നതെന്ന് കൃത്യമായി മനസിലാക്കാൻ ടോയ്‌ലെറ്റിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. രൂപാലിയുടെ മരണത്തിൽ ആത്മഹത്യ സ്ഥിരീകരിച്ചിട്ടില്ലെന്ന് കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണർ കുനാൽ അഗർവാൾ പറഞ്ഞു. ഫോറൻസിക് സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.
A 30-year-old nurse, Rupali Burman, was found dead inside a toilet at NRS Medical College and Hospital in Kolkata. Police are investigating the mysterious death, with CCTV footage and a post-mortem examination being examined.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |