SignIn
Kerala Kaumudi Online
Saturday, 30 May 2026 1.22 AM IST

നീറ്റ് ചോദ്യചോർച്ചയിൽ സുപ്രീംകോടതി, എൻ.ടി.എ ഉടച്ചുവാർക്കണം, ഇനി ആവർത്തിക്കരുത്

sc

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ പരീക്ഷാനടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ(എൻ.ടി.എ) ഉടച്ചുവാർക്കാനുള്ള പദ്ധതിയെന്തെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഇതിന് മാനവവിഭവശേഷി വികസന മന്ത്രാലയം സമഗ്രമായ പദ്ധതി തയ്യാറാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും 2024ലും ഇക്കൊല്ലവും സംഭവിച്ചതു പോലെ ഇനിയുണ്ടാകരുതെന്നും കർശനനിർദ്ദേശം നൽകി. ചോദ്യപേപ്പ‌ർ ചോർച്ച വിഷയവും പുനഃപരീക്ഷാ ഒരുക്കങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു നിരീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു.

യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സംഘടന അടക്കം സമർപ്പിച്ച പൊതുതാത്പര്യ ഹ‌ർജികളാണ് ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെ‌ഞ്ച് പരിഗണിച്ചത്.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് മാനസികാഘാതമുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളെയും കുടുംബങ്ങളെയും നിരാശയിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുവജനങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാരിനും ആശങ്കയുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഹർജികൾ ജൂലായിലേക്ക് മാറ്റി.

നീറ്റ് പരീക്ഷ കാര്യക്ഷമമായി നടത്താൻ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി കേന്ദ്രസർക്കാരിനും എൻ.ടി.എയ്‌ക്കും ശുപാർശകൾ സമർപ്പിച്ചിരുന്നു. ഇതിലെ പുരോഗതി ഇന്നലെ അദ്ദേഹം നേരിട്ടുഹാജരായി വിശദീകരിച്ചു. 95ൽപ്പരം ശുപാർശകളുണ്ടായിട്ടും ചോദ്യപേപ്പർ ചോർച്ച എങ്ങനെയുണ്ടായെന്ന് കോടതി ചോദിച്ചു. പുനഃപരീക്ഷയിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് രാധാകൃഷ്‌ണൻ പ്രതികരിച്ചു.

അതേസമയം, ഗവൺമെന്റ് അഷ്വറൻസസ്കാര്യ പാർലമെന്ററി സമിതിക്കു മുന്നിൽ ഇന്നലെ സി.ബി.ഐ ഡയറക്‌ടർ പ്രവീൺ സൂദും എൻ.ടി.എ ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗും ഹാജരായി. അന്വേഷണത്തിന്റെ തത്‌സ്ഥിതി സി.ബി.ഐ ഡയറക്‌ടർ വിശദീകരിച്ചു. ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് യു.ജി പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കൊണ്ടുപോകാൻ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുമെന്നതുൾപ്പെടെ സ്വീകരിക്കുന്ന നടപടികൾ എൻ.ടി.എ ഡയറക്‌ടർ ജനറൽ അറിയിച്ചു.

യു.പി.എസ്.സിയെ

കണ്ടുപഠിക്കൂ

യു.പി.എസ്.സി പരീക്ഷകളിൽ ഇന്നുവരെ ചോദ്യപേപ്പർ ചോർന്നിട്ടില്ല. അതിൽ നിന്ന് എൻ.ടി.എയ്‌ക്ക് പഠിക്കാനേറെയുണ്ട്. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്ന സാഹചര്യം വന്നല്ലാതെ ദേശീയതലത്തിലെ പരീക്ഷകളുടെ നടത്തിപ്പിലെ പ്രശ്‌നങ്ങൾ അവസാനിക്കില്ല. വീഴ്ച വരുത്തിയവരെ തിരിച്ചറിയുന്നില്ലെങ്കിൽ പരസ്‌പരം പഴിചാരി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. എൻ.ടി.എ പോലുള്ള സ്ഥാപനങ്ങൾ മിക്കതും താത്കാലിക സംവിധാനങ്ങളാണെന്നതും പ്രശ്‌നമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360