
ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പുനർമൂല്യനിർണയത്തിന്റെ ഫലം ജൂലായിലെന്ന് സൂചന.എന്നാൽ ഫലം ഏതു ദിവസമാകും പുറത്തുവിടുകയെന്ന് വ്യക്തമല്ല.പുനർമൂല്യനിർണയത്തിൽ മാർക്കിൽ മാറ്റമുണ്ടെങ്കിൽ അക്കാര്യം സി.ബി.എസ്.ഇയുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. ഈവർഷം നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനം പാളിയത് ലക്ഷകണക്കിന് വിദ്യാർത്ഥികളെയാണ് വലച്ചത്.
പുനർമൂല്യനിർണയ പ്രക്രിയ ഐ.ഐ.ടി സംഘത്തിന്റെ അടക്കം മേൽനോട്ടത്തിലാണ് നടക്കുന്നത്. അപ്ഗ്രേഡ് ചെയ്‌ത പോർട്ടൽ സജ്ജമാക്കിയെന്ന് സി.ബി.എസ്.ഇ വൃത്തങ്ങൾ പറയുന്നു. വിവാദ എജ്യു കോഎംപ്റ്റ് പ്ലാറ്ര്‌ഫോമാണ് അപ്ഗ്രേഡ് ചെയ്‌തത്. സുരക്ഷാ ആശങ്കകൾ പരിഹരിച്ചുവെന്നാണ് അവകാശവാദം. ഉത്തരക്കടലാസുകളുടെ പരിശോധന അദ്ധ്യാപകർ ആരംഭിച്ചിട്ടുണ്ട്. 1.6 ലക്ഷത്തിലധികം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചു. 3.8 ലക്ഷത്തിൽപ്പരം ഉത്തരക്കടലാസുകളാണ് പുനർമൂല്യനിർണയം നടത്തുന്നത്.
വെള്ളിയാഴ്ചയ്‌ക്കകം ഫലം പ്രഖ്യാപിക്കണം
12-ാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം വെള്ളിയാഴ്ചയ്‌ക്കകം പ്രഖ്യാപിക്കാൻ പരമാവധി ശ്രമിക്കണമെന്ന് സുപ്രീംകോടതി സിബിഎസ്ഇയോട് നിർദ്ദേശിച്ചു. ഇതിനായി എന്തുചെയ്യാൻ പോകുന്നുവെന്നും അറിയിക്കണം. സൗദി അറേബ്യയിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പ്രൻസു ജിഗർകുമാർ പട്ടേൽ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. അതേസമയം,സി.ബി.എസ്.ഇ ഈ അദ്ധ്യയനവർഷം 9ാം ക്ലാസിൽ നടപ്പാക്കാൻ പോകുന്ന ത്രിഭാഷാ പദ്ധതിക്കെതിരെ എൻ.സി.പി ശരദ്പവാർ വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ഫൗസിയ ഖാൻ സുപ്രീംകോടതിയെ സമീപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |