
ഗ്ലാസ്‌ഗോ:സ്കോട്ട്‌ലാൻഡിലെ ഗ്ലാസ്‌ഗോ വേദിയാകുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന് മുന്നേ കളത്തിലിറങ്ങാതെ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് വനിതാ ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ. ബോക്സിംഗിൽ വനിതകളുടെ 75 കിലോഗ്രാം (മിഡിൽവെയ്‌റ്റ്) വിഭാഗത്തിൽ സെമിയിലേക്ക് നേരിട്ട് ബൈ ലഭിച്ചതോടെയാണ് ലവ്‌ലിന മെഡലുറപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിലെ നിയമമനുസരിച്ച് സെമി ഫൈനലിൽ പരാജയപ്പെട്ടാലും വെങ്കലമെഡൽ ലഭിക്കും. ഈ മാസം 31ന് നടക്കുന്ന സെമി ഫൈനലിൽ ടുവാലുവിന്റെ ടാഫക്കിയാണ് ലവ്‌ലിനയുടെ എതിരാളി. ഈ മത്സരത്തിൽ ജയിച്ചാൽ ലവ്‌ലിനയ്ക്ക് ഫൈനലിലെത്താം.
പ്രധാന മത്സരങ്ങളിൽ കോമൺവെൽത്ത് ഗെയിംസിൽ മാത്രമാണ് ലവ്‌ലിനയ്ക്ക് മെഡലില്ലാതിരുന്നത്. എന്നാൽ ആ നിരാശ ഇത്തവണ റിംഗിൽ കയറുന്നതിന് മുന്നേ തന്നെ മാറ്റാൻ ലവ്‌ലിനയ്ക്കായി. 2022ൽ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ആസാം സ്വദേശിയായ ലവ്‌ലിന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്.
മത്സരിക്കാൻ 5 പേർ
മത്സരയിനങ്ങൾ വെട്ടിക്കുറച്ച് ചിലവ് കുറച്ച് നടത്തുന്ന ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ലവ്‌ലിനയുടെ ഇനമായ വനിതകളുടെ ബോക്സിംഗ് 75 കിലോഗ്രാം വിഭാഗത്തിൽ 5 പേരെ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. ഇതിൽ ലവ്‌ലിന ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് സെമിയിലേക്ക് നേരിട്ട് ബൈ ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങൾ തമ്മിൽ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നയാൾ സെമിയിലെത്തും.
ഇന്നലെ ഇന്ത്യൻ സമയം രാത്രി 10.30 ഓടെയാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകളാരംഭിച്ചത്. ഇന്ന് ലോൺ ബോൾസ്, ബോക്‌സിംഗ്, ജിംനാസ്റ്റിക്സ്, പാരാ പവർലിഫ്‌ടിംഗ്, പാരാ നീന്തൽ എന്നീ ഇനങ്ങളിൽ ഇന്ത്യൻ താരങ്ങളിറങ്ങും.
പുതുൽ സൂപ്പർ
പുരുഷൻമാരുടെ ലോൺബോൾസ് സിംഗിൾസിൽ ഇന്ത്യയുടെ പുതുൽ സോണോവലിന് കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റ മത്സരത്തിൽ ഗംഭീരജയം. ആദ്യ മത്സരത്തിൽ ലോക ഔട്ട്ഡോർ സിംഗിൾസ് ചാമ്പ്യനായ കാനഡയുടെ റയാൻ ബെസ്റ്ററെ അട്ടിമറിച്ചാണ് പുതുൽ ചരിത്ര വിജയം നേടിയത്. സെക്ഷൻ ഡിയിലെ ആദ്യ മത്സരത്തിൽ ടൈബ്രേക്കറിലായിരുന്നു പുതുലിന്റെ ജയം.
ആദ്യ സെറ്റ് ഇന്ത്യൻ താരം (5-4) നേടിയപ്പോൾ, രണ്ടാമത്തെ സെറ്റ് (7-3) കനേഡിയൻ താരം തിരിച്ചുപിടിച്ചു. എന്നാൽ നിർണായകമായ ടൈബ്രേക്കർ ജയിച്ചുകയറിയ പുതുൽ മത്സരം സ്വന്തമാക്കുകയായിരുന്നു.
വനിതകളുടെ പെയേഴ്സ് വിഭാഗത്തിൽ ഇന്ത്യയുടെ രൂപ റാണി തിർക്കി, പിങ്കി സിംഗ് സഖ്യം മാൾട്ടയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഘട്ടത്തിൽ ജയത്തോടെ തുടങ്ങി.
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട അരുൺ പുറത്ത്
അതേസമയം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ജൂഡോ താരം അരുൺകുമാർ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് പുറത്തായി. ചൈനയിൽ നടന്ന ഗ്രാൻപ്രീക്കിടെ നടത്തിയ ഉത്തേജക പരിശോധനയിലാണ് 21കാരനായ അരുൺ പരാജയപ്പെട്ടത്. ഇതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) അരുണിനെ സസ്‌പെൻഡ് ചെയ്തു. അതേസമയം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ജൂഡോ ടീം യാത്ര പുറപ്പെട്ടിട്ടില്ല. ഈ മാസം 31 മുതലാണ് ജൂഡോ മത്സരങ്ങൾ ആരംഭിക്കുന്നത്. പുിരുിഷന്മാരുടെ 73 കിലോ ഗ്രാമിൽ മത്സരിക്കുന്ന അരുൺ മക്കാവു ജൂനിയർ ഏഷ്യൻ കപ്പിലും, 2025 ലെ തായ്‌പേയ് ഏഷ്യൻ ഓപ്പണിലും സ്വർണം നേടിയിട്ടുണ്ട്. ആർമിയുടെ താരമായ അരുൺ ഡൽഹി സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |