SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.53 AM IST

അറ്റുപോകുമോ തൃണമൂൽ? ഇന്ന് വിമത എംപിമാർ സ്‌പീക്കറെ കാണും, ഭൂരിപക്ഷവും ഒപ്പമെന്ന് മമതാ പക്ഷം

mamata-banarjee-

 ഇന്ന് വിമത എം.പിമാർ സ്‌പീക്കറെ കാണും

 ഭൂരിപക്ഷവും ഒപ്പമെന്ന് മമതാ പക്ഷം

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ തൃണമൂൽ കോൺഗ്രസിന്റെ പിളർപ്പിന്റെ കാര്യത്തിൽ ഇന്ന് ചിത്രം തെളിയും. ബി.ജെ.പിക്ക് പിന്തുണ നൽകാൻ തീരുമാനിച്ച വിമത എം.പിമാർ ഇന്ന് സ്‌പീക്കർ ഓം ബിർളയെ കാണും. 28 എം.പിമാരിൽ ഭൂരിപക്ഷം തങ്ങൾക്കൊപ്പമെന്ന് അവകാശപ്പെട്ട മമതാ ബാനർജി പക്ഷം സ്‌പീക്കർക്ക് അയച്ച കത്ത് പുറത്തുവിടാൻ വിമതരെ വെല്ലുവിളിച്ചു. ഡൽഹിക്ക് പുറത്തുള്ള ഓം ബിർള ഇന്ന് മടങ്ങിയെത്തുമ്പോൾ കകോളി ഘോഷ് ദസ്‌തിദാറിന്റെ നേതൃത്വത്തിൽ വിമത എം.പിമാർ അദ്ദേഹത്തെ കാണും. ഇതോടെ പാർലമെന്റിലെ തൃണമൂലിന്റെ പിർളപ്പിൽ ഉത്തരമാകും.

ലോക്‌സഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കാൻ കകോളിയുടെ നേതൃത്വത്തിൽ 20 എം.പിമാർ ഒപ്പിട്ട കത്ത് നൽകിയെന്ന അവകാശവാദം ഔദ്യോഗിക പക്ഷം തള്ളി. വിമതർക്ക് കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ ആവശ്യമായ 20 എം.പിമാരുടെ (മൂന്നിൽ രണ്ട്) പിന്തുണയില്ലെന്നാണ് അവരുടെ വാദം. വിമതരെ അടർത്തിയെടുക്കാൻ ബി.ജെ.പി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയും കൂടുതൽ എം.പിമാർ വിട്ടുപോകുന്നത് തടയാൻ മമതയും ശ്രമം തുടരുന്നു.

 അധികാരമോഹികൾ

പാർട്ടി നേതൃത്വത്തെ ധിക്കരിച്ച എം.പിമാർ അധികാര മോഹികളും ഒറ്റുകാരും. അവർ ബി.ജെ.പിയുടെ ഭാഗമായി. മോദിയാണ് നേതാവ്. സ്വന്തം മണ്ഡലത്തിൽ പോയി വോട്ടർമാരെ കാണാൻ ധൈര്യമുണ്ടോ?​

-കല്യാൺ ബാനർജി

മമതാ വിഭാഗം വക്താവ്

 വിയോജിപ്പുള്ളവർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് പറയാമായിരുന്നു. രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ

രാജിവച്ച് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണം. 2029 ൽ ബംഗാളിലും കേന്ദ്രത്തിലും ബി.ജെ.പി ഇല്ലാതാകും.

-കീർത്തി ആസാദ് എം.പി

മമതാ വിഭാഗം

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചിട്ടാണ് താൻ ഡൽഹിയിലെത്തിയത്

യൂസഫ് പഠാൻ

തൃണമൂൽ എം.പി ( വിമത എം.പിമാരിലൊരാളെന്ന് റിപ്പോർട്ട്)​

 രാജ്യം ബഹുമാനിക്കുന്ന ക്രിക്കറ്റ് താരം പഠാൻ ഇങ്ങനെ തരംതാഴരുത്

-മഹുവ മൊയ്‌ത്ര

മമതാ പക്ഷം

 ദീദി മാറിപ്പോയി

അടുത്തിടെ മമതയിലും പാർട്ടിയിലും വന്ന മാറ്റങ്ങളിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. മമതയുമായി വൈകാരിക ബന്ധമുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനാകുന്നില്ല. പാർട്ടിയിൽ ചിലർക്ക് മാത്രമേ മമതയോട് സംസാരിക്കാനാകൂ. മന്ത്രിമാർ പോലും എം.പിമാർക്ക് സമയം നൽകിയില്ല. തീരുമാനങ്ങൾ കൂടി ആലോചിക്കാറില്ല. പാർട്ടി അഴിമതിയുടെ പിടിയിലമർന്നു.

-കകോളി ഘോഷ് ദസ്‌തിദാർ

വിമത നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360