
ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നിറുത്തിയ മുതിർന്ന നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി. തെലങ്കാനയിലെ അപകീർത്തി കേസിന്റെ വിശദാംശങ്ങൾ പത്രികയിൽ രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരിയുടെ നടപടി.
ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് കേവാത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. തുടർന്ന് വരണാധികാരി പരിശോധന നടത്തി തീരുമാനമെടുക്കുകയായിരുന്നു.
നടപടി ഏകപക്ഷീയമെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോടതിയിൽ നിന്ന് നോട്ടീസ് മാത്രമാണ് ലഭിച്ചത്. പത്രികയിൽ അതു പരാമർശിക്കേണ്ട കാര്യമില്ലെന്ന് മദ്ധ്യപ്രദേശിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി വിശദീകരിച്ചു. ഇന്നലെ രാത്രി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെത്തിയെങ്കിലും ആദ്യം അകത്തേക്ക് കടത്തി വിട്ടില്ല. തർക്കത്തിനൊടുവിൽ അകത്തു കയറിയ നേതാക്കൾ നിവേദനം നൽകി മടങ്ങി. കോടതിയെ സമീപിക്കുന്നത് കോൺഗ്രസ് പരിശോധിക്കുകയാണ്.
മൂന്നു സീറ്റും പിടിക്കാൻ ബി.ജെ.പി
മദ്ധ്യപ്രദേശിലെ മൂന്നു രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ ബി.ജെ.പിക്കും ഒന്നിൽ കോൺഗ്രസിനും ജയിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നു. ജയിക്കാൻ ഓരോ സ്ഥാനാർത്ഥിക്കും 58 ഫസ്റ്റ് പ്രിഫറൻസ് വോട്ടാണ് വേണ്ടത്. 230 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 164 എം.എൽ.എമാരുണ്ട്. 116 വോട്ടുകൾ ഉറപ്പാക്കി രണ്ടു പേരെ ഉറപ്പായും ജയിപ്പിക്കാൻ കഴിയും. മൂന്നാമത്തെ സ്ഥാനാർത്ഥി ജയിക്കണമെങ്കിൽ 10 വോട്ടുകൾ കൂടി ആവശ്യമുണ്ട്. 164ൽ നിന്ന് 116 വോട്ട് കുറച്ചാൽ 48 വോട്ട്. കോൺഗ്രസിന് 62 എം.എൽ.എമാരുണ്ട്. ജൂൺ 18നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.ബി.ജെ.പി കുതിരക്കച്ചവടം നടത്തുമെന്ന ആശങ്കയിൽ, കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |