
മുംബയ്: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പവൻരാജെ നിംബാൽക്കർ കൊലപാതകക്കേസിൽ എൻ.സി.പി നേതാവ് പദംസിൻഹ് പാട്ടീലുൾപ്പെടെ 8 പ്രതികളെയും വെറുതെവിട്ടു. കോൺഗ്രസ് നേതാവ് നിംബാൽക്കറിനെയും ഡ്രൈവർ സമദ് കാസിയെയും 2006 ജൂൺ മൂന്നിനാണ് ക്വട്ടേഷൻ സംഘം വെടിവച്ചു കൊന്നത്. മുംബയ് - പൂനെ എക്‌സ്‌പ്രസ് വേയിലായിരുന്നു സംഭവം. 20 വർഷത്തിനു ശേഷം തെളിവില്ലെന്ന് കണ്ട് മുഴുവൻ പ്രതികളെയും മുംബയിലെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. കുടുംബാംഗം കൂടിയായ നിംബാൽക്കറിന്റെ വളർച്ചയിൽ വിളറി പൂണ്ട് പദംസിൻഹ് പാട്ടീൽ 30 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്നു പദംസിൻഹ് പാട്ടീൽ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ സഹോദരനാണ്. വെറുതെ വിട്ടതിനെതിരെ സി.ബി.ഐ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. വിധി കേൾക്കാൻ ആംബുലൻസിലാണ് 86കാരനായ പദംസിൻഹ് പാട്ടീൽ എത്തിയത്.
ക്വട്ടേഷൻ ഏറ്രെടുത്തയാൾ മാപ്പുസാക്ഷിയായ കേസ്
ലാത്തൂരിലെ വ്യവസായി സതീഷ് മൻഡാഡെ, ക്വട്ടേഷൻ ഏറ്റെടുത്ത പരസ്‌മൽ ജെയിൻ, റിട്ടയേർഡ് എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ മോഹൻ ശുക്ല, ശശികാന്ത് കുൽക്കർണി, ബി.എസ്.പി പ്രവർത്തകൻ കൈലാസ് യാദവ്, വെടിയുതിർത്തെന്ന് ആരോപിക്കപ്പെടുന്ന ദിനേഷ് തിവാരി, പിന്റു സിംഗ് തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികൾ. പരസ്‌മൽ ജെയിൻ മാപ്പുസാക്ഷിയായി മാറിയിരുന്നു. ഗാന്ധിയൻ അന്നാ ഹസാരെയെ കൊലപ്പെടുത്താനും തനിക്ക് ക്വട്ടേഷൻ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. കേസിൽ അന്നാ ഹസാരെ അടക്കം 128ലേറെ സാക്ഷികളെ വിസ്‌തരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |