
ന്യൂഡൽഹി: ബംഗാളിൽ പുതു ഊർജ്ജമെന്നും തൃണമൂൽ കോൺഗ്രസിന്റെ ചങ്ങലക്കെട്ടിൽ നിന്ന് സംസ്ഥാനം മോചിപ്പിക്കപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനുശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനം, ഇന്നലെ ബംഗാൾ പിറവി ദിനത്തിലായത് ശ്രദ്ധേയമായി. ഇന്ത്യയിൽ തുടരുന്നതിനെ അനുകൂലിച്ച് മുസ്ലിം ഇതര സമുദായങ്ങൾ തിങ്ങിപാർക്കുന്ന ജില്ലകളിലെ പ്രതിനിധികൾ നിയമസഭയിൽ വോട്ടുചെയ്‌തത് 1947 ജൂൺ 20നാണ്. ഇതാണ് ബംഗാൾ രൂപീകരണത്തിലെത്തിയത്. ജൂൺ 20 ബംഗാൾ സ്ഥാപക ദിനമായി ആചരിക്കാൻ മമതാ സർക്കാർ തയ്യാറായിരുന്നില്ല. വിഭജനമുണ്ടാക്കിയ മുറിവുകൾ ഓർമ്മിപ്പിക്കുന്ന ദിവസമെന്നായിരുന്നു നിലപാട്. പകരം ബംഗാളി പുതുവർഷ ദിവസമാണ് ആഘോഷിച്ചിരുന്നത്. എന്നാൽ, സുവേന്ദു അധികാരി സർക്കാർ അധികാരത്തിലെത്തിയ ഉടൻ ജൂൺ 20 ബംഗാൾ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ബംഗാൾ ഇന്ത്യയുടെ അനിവാര്യ ഘടകമായി മാറിയ ദിവസം. ബി.ജെ.പി അധികാരത്തിൽ വന്നതോടെ ബംഗാളിൽ വികസന വേഗത വർദ്ധിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും മോദി പറഞ്ഞു. ഹൂഗ്ലിയിലെ താരകേശ്വറിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.
18,880 കോടി രൂപ
വിതരണം ചെയ്‌തു
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 23-ാം ഇൻസ്റ്റാൾമെന്റായ 18,880 കോടി രൂപ രാജ്യത്തെ 9.44 കോടി കർഷകർക്ക് വിതരണം ചെയ്‌തു. ബംഗാളിൽ വിള ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമ യോജനക്ക് തുടക്കമിട്ടു. ഹൗറയിലെ 300 കിടക്കകളുള്ള റെയിൽവേ ആശുപത്രിയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടു. മോദി ഇന്ന് കൊൽക്കത്തയിലെ രാജ്യാന്തര യോഗദിന പരിപാടിയിൽ പങ്കെടുക്കും.
രാഷ്ട്രപതിയുടെ
ജന്മദേശത്ത്
ഇന്നലെ രാഷ്ട്രപതിയുടെ ജന്മദിനത്തിൽ അവരുടെ ജന്മദേശമായ ഒഡീഷയിലെ റായ്‌രംഗ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. മുർമുവിന് ജന്മദിനാശംസകൾ നേർന്നു. ദ്രൗപദി മുർമുവിന്റെ ഭർത്താവ് ശ്യാം ചരൺ മുർമു, ആൺമക്കളായ ലഖൻ മുർമു, സിപുൻ മുർമു എന്നിവരുടെ ശവകുടീരങ്ങളിൽ പ്രാർത്ഥിച്ചു. ഒഡീഷയിലെ ബി.ജെ.പി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് 47600 കോടിയുടെ പദ്ധതികൾക്കും മോദി തുടക്കമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |