
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കാതെ ജന്തർ മന്ദർ മേഖല വിടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോക്രാച്ച് ജനത പാർട്ടി പ്രവർത്തകർ. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഡൽഹിയിലെ രണ്ടാംഘട്ട സമരമാണ് ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ ആരംഭിച്ചത്. അഞ്ച് വരെയാണ് അനുമതി നൽകിയിരുന്നത്. നൂറുകണക്കിന് പേർ എത്തി. പാത്രങ്ങളിൽ സ്‌പൂൺ കൊണ്ട് തട്ടി കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധമറിയിച്ചു. സമരം നീളുമെന്ന് വ്യക്തമായതോടെ, പാറ്രകളെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസ് വൈകിട്ട് അഞ്ചോടെ ശ്രമം തുടങ്ങിയെങ്കിലും വിഫലമായി. പാർട്ടി നേതൃത്വം സമയം നീട്ടി ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഒഴിഞ്ഞുപോകണമെന്ന് മെഗാഫോണിലൂടെ പൊലീസ് വിളിച്ചുപറയുന്നുണ്ടായിരുന്നു. ചില വിദ്യാർത്ഥിനികളെ വനിതാ പൊലീസുകാർ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചപ്പോൾ അവർ എതിർത്തു. പൊട്ടിക്കരച്ചിലായതോടെ പൊലീസ് പിൻവാങ്ങി. രാത്രി തെരുവുവിളക്കുകൾ അണച്ചു. ഇതോടെ മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിലായി മേഖല. മേഖലയിലേക്ക് ഭക്ഷണവും കുപ്പിവെള്ളവും കൊണ്ടുപോകാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് പാറ്റകൾ പരാതിപ്പെട്ടു. തങ്ങളുടെ സുരക്ഷയിൽ ആശങ്കയുന്നയിച്ചു. രാത്രി വൈകിയും വിദ്യാർത്ഥികൾ ജന്തർ മന്ദർ മേഖലയിൽ തുടരുകയാണ്. കനത്ത പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസേനയെയും നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |