
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന കൊള്ളയടിച്ചതിൽ പഴുതടച്ച അന്വേഷണത്തിന് പ്രത്യേക സംഘം. 2020 മുതൽ ലഭിച്ച മുഴുവൻ സംഭാവനയുടെയും കണക്ക് പരിശോധിക്കും. 2020 ഫെബ്രുവരി 5നാണ് കേന്ദ്രം ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. പിന്നാലെ ചമ്പത് റായ് ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി.
ഇതുവരെ ലഭിച്ച പണം, ആഭരണങ്ങൾ, മറ്റു വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവയുടെ കണക്കെടുക്കും. ഒരു കിലോ ഭാരമുള്ള 200 വെള്ളി ഇഷ്‌ടികകൾ സിന്ധി വ്യാപാരികൾ കൈമാറിയിരുന്നു. ഇതിന് രസീത് നൽകിയില്ലെന്ന പരാതിയും പരിശോധിക്കും. ഓഡിറ്റർമാരുടെ സംഘം തന്നെ പരിശോധനയ്ക്കുണ്ടാകും.
ഇതിനിടെ ചമ്പത് റായ്, ട്രസ്റ്ര് അംഗം അനിൽ മിശ്ര എന്നവരുടെ രാജി ട്രസ്റ്റ് സ്ഥിരീകരിച്ചു. ഇരുവരുടെയും രാജിക്കാര്യം ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസ് നിഷേധിച്ചതിന് പിന്നാലെയാണ് വ്യക്തത വരുത്തൽ. ജൂലായ് 11ന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ വിശദ ചർച്ചയുണ്ടാകും. ഭക്തർ നൽകിയ സ്വർണം, വെള്ളി ആഭരണങ്ങൾ ക്ഷേത്രത്തിൽ സുരക്ഷിതമാണെന്ന് ട്രസ്റ്റ് അറിയിച്ചു.
5 ബാങ്ക് ജീവനക്കാർ
നിരീക്ഷണത്തിൽ
പണം ലോക്കറിലേക്ക് മാറ്റാൻ ചുമതലയുണ്ടായിരുന്ന 5 ബാങ്ക് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവരെ ചോദ്യംചെയ്‌തെന്നും സൂചനയുണ്ട്. സംഭാവനകൾ എണ്ണി തിട്ടപ്പെടുത്താൻ നിയോഗിച്ച ക്ഷേത്ര ജീവനക്കാരടക്കം എട്ടു പേരാണ് ഇതുവരെ അറസ്റ്റിലായത്. സി.സി ടിവി ക്യാമറകളെ വെട്ടിച്ച് തുക വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ആദ്യം ക്ഷേത്ര വളപ്പിലെ ശൗചാലയങ്ങളിൽ സൂക്ഷിക്കും. പിന്നീട് പുറത്തേക്ക് കടത്തും.
കൊള്ളയിൽ വമ്പൻ സ്രാവുകൾക്ക് പങ്കുണ്ടാകാം. സമഗ്രാന്വേഷണം വേണം.
- പ്രിയങ്ക ഗാന്ധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |