
പൂനെ: 'വിവാഹം വേണ്ടെന്നുവച്ച് കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നതിലും എളുപ്പമായി തോന്നിയത് കൊലപാതകമാണ് " - മഹാരാഷ്ട്രയിൽ പ്രതിശ്രുത വരനെ കൊക്കയിൽ തള്ളിയിട്ടുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിയ ഗോയലിന്റെ കുറ്റസമ്മത മൊഴി കേട്ട് പൊലീസ് ഞെട്ടി. നവംബറിൽ നടക്കാനിരുന്ന വിവാഹം സ്വന്തം ഇഷ്ടപ്രകാരം വേണ്ടെന്നുവച്ചാൽ കുടുംബത്തിന്റെ അന്തസിന് മുറിവേൽക്കുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിചിത്രവാദം. സിയയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സഹോദരൻ സാഹിൽ ഗോയലിനെ രണ്ടാം തവണയും ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ, സിയയുടെ കാമുകനും കേസിൽ പ്രതിയുമായ ചേതനെ അറിയാമായിരുന്നുവെന്ന് സാഹിൽ സമ്മതിച്ചിരുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിനിടയിലാണ് സിയ ചേതനെ പരിചയപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. ആറ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ 18നാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ മലമുകളിൽ നിന്ന് വീണുമരിച്ചത്. അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും പരസ്പരം പഴിചാരുകയും ചെയ്തു.
2000 കോളുകൾ
പ്രതികളുടെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം ഇവർ രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. കൊലപാതകത്തിൽ സിയയുടെയും ചേതന്റെയും പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും ഗൂഢാലോചന സ്ഥിരീകരിക്കുന്നതിനായി ഇവരുടെ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |