
ന്യൂഡൽഹി: ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ (യൂണിഫൈഡ് കോംപ്ലക്സ് റേഡിയോ ആന്റിന) റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും. ഇരുരാജ്യങ്ങളുടെയും ആദ്യ സംയുക്ത പ്രതിരോധ സഹകരണ പദ്ധതിയാണിത്.
2024ൽ ടോക്കിയോയിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടർ നടപടിയാണിത്. ഇന്നലെ ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യ- ജപ്പാൻ 16-ാം വാർഷിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈയിച്ചിയും സംയുക്ത പ്രഖ്യാപനം നടത്തുകയായിരുന്നു. ഫിലിപ്പീൻസിന് ശേഷം ജാപ്പനീസ് പ്രതിരോധ സാങ്കേതികവിദ്യ സ്വീകരിക്കുന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതും നിർണായകം.
സംയുക്ത പ്രസ്‌താവനയ്‌ക്കിടെ ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയെ സഹോദരിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമുണ്ടായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു. രാവിലെ തകൈച്ചിക്ക് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ആചാരപരമായ സ്വീകരണം ലഭിച്ചു.
ഒളിച്ചുകടക്കും യൂണികോം
1.ഒന്നിലധികം ആശയവിനിമയ സംവിധാനങ്ങളും ആന്റിനകളും ഏകീകൃത റഡാർ പ്ളാറ്റ് ഫോമിൽ സംയോജിപ്പിക്കുന്ന നൂതന സംവിധാനം. ഏകീകൃത ആന്റിനയായതിനാൽ ശത്രു റഡാറുകളുടെ കണ്ണിൽപ്പെടില്ല. നോറ-50 എന്നും പേരുണ്ട്.
2.നാവികസേന കപ്പലുകളിലെ അഡ്വാൻസ്ഡ് കോമ്പോസിറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (എ.സി.സി.എസ്) ഘട്ടംഘട്ടമായി യൂണികോമിലേക്ക് മാറ്റും.
3.ജാപ്പനീസ് കമ്പനികളായ എൻ.ഇ.സി, സാമ്പ കോഗ്യോ കെ.കെ, ദി യോകോഹാമ റബ്ബർ കമ്പനി ലിമിറ്റഡ് എന്നിവ സംയുക്തമായി വികസിപ്പിച്ച യൂണികോൺ ഇന്ത്യയിൽ നിർമ്മിക്കുക ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |