
ലക്‌നൗ: വാരാണസി വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാർ തോക്കും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടയിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു. രണ്ടു സുരക്ഷാജീവനക്കാർക്ക് പരിക്കേറ്റു. തോക്കിൽ വെടിയുണ്ടകളില്ലെന്നായിരുന്നു യാത്രക്കാരൻ്റെ വാദം. വെടിയുണ്ടയില്ലെന്നു തെളിയിക്കുന്നതിനായി ട്രിഗർ അമർത്തുകയായിരുന്നെന്ന് പരിക്കേറ്റ ഉദ്യോഗസ്ഥർ അറിയിച്ചു.
കാലിന് പരിക്കേറ്റ സുരക്ഷാ ജീവനക്കാരിയെയും തള്ളവിരലിന് പരിക്കേറ്റ മറ്റൊരാളെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരനായ ഉത്തർപ്രദേശ് അസംഗഢ് സ്വദേശിയായ കമലേഷ് കേദാർനാഥ് റായിയെ കസ്റ്റഡിയിലെടുത്തു. കമലേഷും ഭാര്യയും എയർ ഇന്ത്യ എക്സ്പ്രസിൽ മുംബയിലേക്ക് പോകാനാണ് ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 21 വെടിയുണ്ടകളുള്ള 7.62 എം.എം പിസ്റ്റളായിരുന്നു കെെവശമുണ്ടായിരുന്നത്. തോക്കിൽ ഉണ്ടയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അത് അൺലോഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധം സംഭവിച്ചതെന്നുമാണ് കമലേഷിൻ്റെ വിശദീകരണം.
ഡി.സി.പിയും എ.സി.പിയും ഉൾപ്പടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സുരക്ഷാ നടപടികൾ പൂർത്തിയാക്കണം
ലൈസൻസുള്ള തോക്കുകളും വെടിയുണ്ടകളും സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ വിമാനത്തിൽ കൊണ്ടുപോകാനാകൂ.
വെടിയുണ്ടകൾ മാറ്റിയശേഷം പൂട്ടിയിടാവുന്നതും കട്ടിയുള്ള പുറംചട്ടയുള്ളതുമായ പെട്ടിയിൽ സൂക്ഷിക്കണം.
ലൈസൻസും വെടിയുണ്ടകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവുമായി എയർലൈൻ ചെക്ക്ഇൻ കൗണ്ടറിലെത്തണം.
തോക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്തണം.
ആഭ്യന്തര വിമാനങ്ങളിൽ, ഒരു തോക്കും 50 വരെ വെടിയുണ്ടകളും കൊണ്ടുപോകുന്നതിന് 5,000 രൂപയാണ് ചാർജ് (നികുതിയില്ലാതെ). അന്താരാഷ്ട്രവിമാനങ്ങളിൽ 100 ഡോളറോളമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |