SignIn
Kerala Kaumudi Online
Sunday, 04 October 2026 2.32 AM IST

'ഗ്യാനു... കളി കഴിഞ്ഞു ഇനി രാജി വയ്ക്കൂ' മുംബയ് കീഴടക്കി പാറ്റകൾ

-nmj

മുംബയ്: 'ഗ്യാനു... കളി കഴിഞ്ഞു!' ഇനി രാജിവയ്ക്കൂ...' മുംബയ് ശിവാജി പാർക്കിൽ മുദ്രാവാക്യം ഉയർന്നപ്പോൾ ത്രിവർണ പതാകകൾ ഒന്നിച്ചുയർന്നു. മുന്നിൽ പ്ലക്കാർഡുകളുമായി യുവാക്കൾ. പിന്നിൽ മുദ്രാവാക്യം ഏറ്റെടുത്ത് ആൾക്കൂട്ടം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി.) സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇന്നലെ ശിവാജി പാർക്ക് കണ്ടത് ജെൻ സി സമരത്തിന്റെ വേറിട്ട മുഖം.

സമരത്തിലേക്ക് ആയിരക്കണക്കിന് യുവാക്കളാണ് എത്തിയത്. പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സമരം നടത്താനുള്ള തീരുമാനത്തിൽ നിന്ന് സി.ജെ.പി. പിന്മാറിയില്ല. പാർക്കിന് ചുറ്റും പൊലീസ് സാന്നിദ്ധ്യം ശക്തമായിരുന്നു. ദാദർ റെയിൽവേ സ്റ്റേഷനിലും സുരക്ഷ കൂട്ടി. പക്ഷേ സമരവേദിയിലെ ഭാഷ മറ്റൊന്നായിരുന്നു. വലിയ രാഷ്ട്രീയ ബാനറുകളേക്കാൾ ശ്രദ്ധ പിടിച്ചുപറ്റിയത് ചെറു പ്ലക്കാർഡുകൾ. മീമുകൾ, സിനിമാ സംഭാഷണങ്ങൾ, പരിഹാസവാചകങ്ങൾ... എല്ലാം തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ മുദ്രാവാക്യങ്ങളായി മാറി. ചോക്ലേറ്റ് കവറുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ആഭരണങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

പാർട്ടി കൊടികൾക്ക് പകരം ത്രിവർണപതാകകളുമായാണ് പ്രവർത്തകരോട് എത്താൻ ആവശ്യപ്പെട്ടിരുന്നത്. പ്രസംഗങ്ങൾക്കിടയിലും 'ഗ്യാനു' വിളികൾ തുടർന്നു. സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രതിഷേധത്തിന് നേതൃത്വം നൽകി. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ സമരം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ദിപ്‌കെ, ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി. മുംബയ് സമരത്തിന് പിന്നാലെ ഗോവ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സി.ജെ.പി. അറിയിച്ചു.


എന്നിട്ടും ഗ്യാനേഷ് കുമാർ രാജിക്ക് തയാറായില്ലെങ്കിൽ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം സംഘടിപ്പിക്കുമെന്നും ദീപ്‌കെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ശിവാജി പാർക്കിൽ സി.ജെ.പി.ക്കെതിരെ 'ജെൻ നെക്സ്റ്റ് മുംബയ്' എന്ന പേരിലുള്ള മറ്റൊരു സംഘം പ്രതിപ്രതിഷേധവും നടത്തി. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി എത്തിയ ഇവർ സി.ജെ.പി.യുടെ നിലപാടുകളെ എതിർത്തു.

ഗോ ഗ്യാനു ഗോ. ജ്ഞാനേഷ് കുമാർ ജി, നിങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തോടും തിരഞ്ഞെടുപ്പ് സംവിധാനത്തോടും കളിച്ചു. നിങ്ങൾ പോകേണ്ടിവരും. -നസ്റുദ്ദീൻ ഷാ

വോട്ട് നമ്മുടെ അവകാശമാണ്, നമ്മുടെ ശബ്ദമാണ്. നമ്മുടെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്താൽ നമ്മൾ എന്തുചെയ്യും? പ്രതിഷേധിക്കും. അതും നമ്മുടെ അവകാശമാണ്

-ഷബാന ആസ്മി

ഈ രാജ്യത്തെ പൗരസമൂഹവും ഈ പാറ്റകളും ഇത് സംഭവിക്കാൻ അനുവദിക്കില്ല.

- പ്രകാശ് രാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR RESIGNATION, CJP, CJP PROTEST AGAINST GYANESH KUMAR, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360