SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.03 AM IST

രാഹുൽ ഗാന്ധിയുടെ സമരം രാജ്യത്തെ സമാധാനം തകർക്കാൻ: നിതിൻ നബിൻ

nithin

ന്യൂഡൽഹി: ജനം തിരഞ്ഞെടുപ്പുകളിൽ ആവർത്തിച്ച് തള്ളിയതിൽ നിരാശരായ പ്രതിപക്ഷം, വിദേശ ശക്തിയുടെ സഹായത്തോടെ ഇന്ത്യയിൽ അസ്ഥിരതയും അരാജകത്വവും വ്യാപിപ്പിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ. പ്രതിസന്ധികൾക്കിടയിലും ആഗോളതലത്തിൽ ഇന്ത്യ നേടിയ പുരോഗതി ദഹിക്കാതെ രാഹുൽ ഗാന്ധി നയിക്കുന്ന 'ഇന്ത്യ' മുന്നണിയും ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ സഖ്യകക്ഷിയായ 'സി.ജെ.പിയും' രാജ്യത്തിന്റെ സമാധാനം, ഐക്യം, ദ്രുതഗതിയിലുള്ള വികസനം എന്നിവ തകർക്കാൻ കൈകോർത്തിരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തള്ളിയത് അംഗീകരിക്കാതെയാണിത്.

ഇവരുടെ കീഴിൽ തഴച്ചുവളരുന്ന 'നഗര മാവോയിസ്റ്റുകൾ' രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെയും ഉന്നത ഓഫീസുകളുടെയും അന്തസ് തകർക്കുകയാണ്. 140 കോടി ജനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള അപകടകരവും ഗുരുതരവുമായ സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, 'ആത്മനിർഭര' രാഷ്ട്രമായി ഉയർന്നത് അവർക്ക് ദഹിക്കുന്നില്ല. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മുന്നേറുന്നത് അംഗീകരിക്കാനാവത്ത വിദേശ ശക്തികളും പ്രതിപക്ഷത്തിന് പിന്നിലുണ്ട്. ഇന്ത്യ ശക്തമായ സ്വാശ്രയ രാഷ്ട്രമായി ഉയരുന്നത് അവർക്ക് സഹിക്കാനാകുന്നില്ല.

ജനാധിപത്യ ചട്ടക്കൂടിന്റെ അചഞ്ചലമായ ശക്തിയും 140 കോടി പൗരന്മാരുടെ ഐക്യവും ഈ ദേശവിരുദ്ധ ശക്തികളുടെ ദുഷ്ട പദ്ധതികൾ പൂർണമായും തകർക്കും. രാജ്യത്ത് അസ്ഥിരതയും അരാജകത്വം വ്യാപിപ്പിക്കാനുമുള്ള അവരുടെ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല. ഭരണഘടനയോട് പ്രതിബദ്ധതയുള്ള യുവാക്കൾ ഇത്തരം പ്രചരണങ്ങളിൽ വീഴില്ല. അവർ ഇന്ത്യൻ സംസ്കാരത്തെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്നവരാണെന്നും നിതിൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, RAHULGANDHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360