SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.03 AM IST

തമിഴ്‌നാട്ടിൽ ഇനി 'സ്റ്റാലിനിസം' , എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

tn

ചെന്നൈ: തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

'മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന ഞാൻ...' എന്ന് സ്റ്റാലിൻ പ്രതിജ്ഞ ചൊല്ലിതുടങ്ങിയപ്പോൾ തന്നെ സദസ് ഇളകിമറിഞ്ഞു. സ്റ്റാലിന്റെ ഭാര്യ ദുർഗ സന്തോഷാധിക്യത്താൽ വിങ്ങിപ്പൊട്ടി.

സ്റ്റാലിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുകൻ,​ കെ.എൻ.നെഹ്റു,​ ഐ. പെരിയസാമി,​ കെ. പൊന്മുടി എന്ന ക്രമത്തിൽ മറ്റ് 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

സ്റ്റാലിന്റെ മകനും എം.എൽ.എയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരൻ എം.കെ. അഴഗിരിയുടെ മകൻ ദയാനിധിയും മകൾ കയൽവിഴിയും ചടങ്ങിൽ പങ്കെടുത്തു. സഹോദരന് ആശംസകൾ നൽകി അഴഗിരി വ്യാഴാഴ്ച വൈകിട്ട് സന്ദേശം അയച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വൈരത്തിന് അവസാനമാകുന്നുവെന്ന സൂചന പടർന്നു.

അണ്ണാ ഡി.എം.കെയെ പ്രതിനിധീകരിച്ച് എത്തിയ മുൻ ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം മുൻ സ്പീക്കർ പി.ധനപാൽ എന്നിവർക്ക് മന്ത്രിമാർക്ക് തൊട്ടുപിന്നിൽ ഇരിപ്പിടം നൽകി. പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന പതിവുണ്ടായിരുന്നില്ല. 2016ൽ ജയലളിത അധികാരമേറ്റപ്പോൾ സ്റ്റാലിനെത്തി ആ പതിവ് തിരുത്തിയിരുന്നു. അന്ന് സ്റ്റാലിന് പിൻനിരയിൽ ഇരിപ്പിടം നൽകിയത് വിവാദമായിരുന്നു.

സഖ്യകക്ഷി നേതാക്കളായ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി, എം.ഡി.എം.കെ നേതാവ് വൈകോ, വി.സി.കെ അദ്ധ്യക്ഷൻ തോൽ തിരുമാവലവൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരാശൻ എന്നിവരും പങ്കെടുത്തു. പി.എം.കെ പ്രസിഡന്റ് ജി.കെ. മണിയും ബി.ജെ.പിക്കായി എൽ. ഗണേശൻ എംപിയും നടനും എം.എൻ.എം അദ്ധ്യക്ഷനുമായ കമൽ ഹാസനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും സന്നിഹിതരായിരുന്നു.

രാവിലെ പെരിയാർ,​ അണ്ണാദുരൈ,​ കരുണാനിധി,​ കെ. അൻപഴകൻ തുടങ്ങിയവരുടെ സ്മൃതി കുടീരങ്ങളിൽ പുഷ്പങ്ങൾ അർപ്പിച്ച ശേഷം ഗോപാലപുരത്തെ വസതിയിലെത്തി അമ്മ ദയാലുഅമ്മാളിന്റെയും സി.ഐ.ടി കോളനിയിലെ വസതിയിലെത്തി ചെറിയമ്മയും കനിമൊഴിയുടെ മാതാവുമായ രാസാത്തിഅമ്മാളിന്റെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് സ്റ്റാലിൻ രാജ്‌ഭവനിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, STALIN OATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360