SignIn
Kerala Kaumudi Online
Monday, 13 July 2026 8.33 AM IST

ആധുനിക ഖത്തറിന്റെ ശില്പി ഷെയ്ഖ് ഹമദ് ഓർമ്മയായി

d

ദോഹ: ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നവും സ്വാധീനവുമുള്ള രാജ്യങ്ങളിലൊന്നാക്കി മാറ്റിയ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74)​ ഓർമ്മയായി. ഇന്നലെ രാവിലെ ദോഹയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഖത്തറിൽ ഇന്നലെ മുതൽ നാല് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും, സർക്കാർ/പൊതുസ്ഥാപനങ്ങൾക്കും ഇന്ന് മുതൽ 18 വരെ അവധിയാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യയും ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ലുസൈൽ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു.


1995ൽ ഖത്തറിന്റെ അമീറായി അധികാരത്തിലേറിയത് മുതൽ 2013ൽ സ്ഥാനമൊഴിയും വരെ സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും അദ്ദേഹം ഇന്ത്യയടക്കം ലോകരാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുത്തു. ആധുനിക ഖത്തറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന ഷെയ്ഖ് ഹമദ്, തന്റെ രാജ്യത്തെ വിശാലമായ പ്രകൃതി വാതക സമ്പത്ത് ഉപയോഗിച്ച് വിദ്യാഭ്യാസ, സാമൂഹിക പരിഷ്കരണ, സാമ്പത്തിക വികസന പദ്ധതികൾക്ക് അടിത്തറ പാകി.

 രാജ്യത്തെ

എൽ.എൻ.ജി ഹബ്ബാക്കി

അദ്ദേഹത്തിന്റെ ഭരണകാലയളവിനിടെ ഖത്തറിന്റെ ജി.ഡി.പി 24 മടങ്ങ് കുതിച്ചുയർന്നു. നോർത്ത് ഫീൽഡിൽ നിന്നുള്ള പ്രകൃതി വാതക ഉത്പാദനത്തിലൂടെ 2006ൽ ഖത്തർ ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായി. ചുരുങ്ങിയ സമയത്തിനുള്ള ഖത്തറിന്റെ എൽ.എൻ.ജി ഉത്പാദന ശേഷി പ്രതിവർഷം 7.7 കോടി ടണ്ണായി ഉയർന്നു.

സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം 1995ൽ ഖത്തർ ഫൗണ്ടേഷൻ സ്ഥാപിച്ചു. സ്ത്രീകൾക്ക് വോട്ട് ചെയ്യാനും മത്സരിക്കാനും അവസരമൊരുക്കിയ മുനിസിപ്പൽ തിരഞ്ഞെടുപ്പ് അവതരിപ്പിച്ചതും അൽ ജസീറ മാദ്ധ്യമ ശൃംഖലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമാണ്.

 അറേബ്യൻ മണ്ണിലെ

ഫുട്ബോൾ വേദി

2022ലെ ഫിഫ ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ നേടിയെടുത്തതും ഷെയ്ഖ് ഹമദിന്റെ നേതൃത്വത്തിലാണ്. ഫുട്ബോൾ മാമാങ്കത്തിന് വേദിയായ ആദ്യ അറബ് രാഷ്ട്രമെന്ന റെക്കാഡും ഖത്തറിന് സ്വന്തമായി. ഏഷ്യൻ ഗെയിംസ്, യു.എൻ കാലാവസ്ഥാ ഉച്ചകോടി തുടങ്ങി നിരവധി കായിക, നയതന്ത്ര പരിപാടികൾക്കും അദ്ദേഹത്തിന്റെ കാലത്ത് ഖത്തർ വേദിയായി.

പാലസ്തീനിയൻ സംഘടനകളായ ഹമാസും ഫത്താഹും തമ്മിലെ ഭിന്നത മുതൽ താലിബാൻ - യു.എസ് സംഘർഷം അടക്കം നയതന്ത്ര ചർച്ചകളുടെ മദ്ധ്യസ്ഥരായും ഖത്തറിനെ അദ്ദേഹം രൂപപ്പെടുത്തി. യു.എസിന്റെ രണ്ട് സൈനിക ബേസുകൾക്ക് ഇടംനൽകിയിട്ടും ഇറാനുമായി ബന്ധം നിലനിറുത്തി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സ്ഥാപിച്ചു.

# ഭരണച്ചുമതല

മകന് നൽകി


 1952 ജനുവരി 1ന് ദോഹയിൽ ജനനം. മുൻ അമീർ ഖലീഫ ബിൻ ഹമദ് അൽ താനിയുടെ മകൻ

 ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാഡമിയിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ഖത്തർ സായുധ സേനയിൽ കമാൻഡറായി. 1977ൽ പ്രതിരോധമന്ത്രി

 2013ൽ അമീർ സ്ഥാനം 33കാരനായ മകൻ തമീം ബിൻ ഹമദ് അൽ താനിയ്ക്ക് (നിലവിലെ അമീർ) സ്വമേധയാ കൈമാറി. യുവ നേതൃത്വത്തിൽ രാജ്യം പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുന്നതായി ചരിത്ര പ്രഖ്യാപനം. മരണം വരെ 'ഫാദർ അമീർ' എന്ന പദവി വഹിച്ചു

 മൂന്ന് വിവാഹത്തിലായി 24 മക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360