SignIn
Kerala Kaumudi Online
Thursday, 24 September 2026 12.35 PM IST

സമീർ വാങ്ക്ഡെയ്ക്ക് ബാർ ഹോട്ടലുണ്ടെന്ന് മാലിക്,​ നികുതി അടയ്ക്കുന്നുണ്ടെന്ന് വാങ്ക്ഡെ

sameer-wankhede

മുംബയ്: ആഢംബരക്കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റു ചെയ്ത നാർകോട്ടിക് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയ്ക്ക് ഹോട്ടലും ബാറുമുണ്ടെന്ന് വെളിപ്പെടുത്തൽ. എൻ.സി.പി നേതാവും മഹാരാഷ്ട്രാ മന്ത്രിയുമായ നവാബ് മാലിക്കാണ് വാങ്ക്ഡെയുടെ ബാർ ഹോട്ടലിന്റെ രേഖകൾ പുറത്തുവിട്ടത്. വാങ്ക്ഡെയുടെ പേരിൽ രജിസ്റ്റർ ചെയ്ത ബാർ ഹോട്ടൽ 1997 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ.

സമീർ വാങ്ക്ഡെയുടെ പിതാവും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനും ആയിരുന്ന ധ്യാൻദേവ് വാങ്ക്ഡെ 1997ലാണ് മകന്റെ പേരിൽ ബാറിന് ലൈസൻസ് എടുത്തത്. അന്ന് പ്രായപൂർത്തിയാകാത്ത സമീർ വാങ്ക്ഡെയുടെ പേരിൽ അനധികൃതമായാണ് ലൈസൻസ് സമ്പാദിച്ചതെന്നും നവാബ് മാലിക്ക് ആരോപിച്ചു.

"മൂന്ന് ആരോപണങ്ങളാണ് വാങ്ക്ഡെയ്ക്ക് എതിരെയുള്ളത്. അദ്ദേഹത്തിന് ജോലി തെറിപ്പിക്കാൻ ഇവ ധാരാളം മതി. ആര്യൻ കേസുമായി ബന്ധപ്പെട്ട പണം തട്ടിയെടുത്തു. സർക്കാർ ജോലി സമ്പാദിക്കുന്നതിനായി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്നതാണ് രണ്ടാമത്തേത്. ബാർ നടത്തുന്നു എന്നകാര്യം മറച്ചുവച്ചതാണ് മൂന്നാമത്തേത്. ബാറിന്റെ ലൈസൻസ് എല്ലാ വർഷവും പുതുക്കുകയും ബാർ പൂർണതോതിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ബാറിന്റെ വാടക ഇനത്തിൽ ലഭിച്ച തുക മാത്രമാണ് വാങ്ക്ഡെ ആദായനികുതി ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടുള്ളത്."- നവാബ് മാലിക്ക് ആരോപിച്ചു.

എന്നാൽ ബാർ ഉണ്ടെന്ന വിവരം മറച്ചുവച്ചിട്ടില്ലെന്ന് സമീർ വാങ്ക്ഡെ പറഞ്ഞതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സർക്കാർ ജോലി ലഭിച്ചശേഷം പിതാവിന് പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. ബാറിൽനിന്നുള്ള വരുമാനം ഇൻകം ടാക്സ് റിട്ടേണിൽ കാണിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SAMEER WHANKNDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360