ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകൾക്കെതിരെ കോക്രോച്ച് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന യുവജന സമരങ്ങൾക്ക് പിന്നാലെ യുവാക്കളുടെ ശക്തി പ്രയോജനപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി. രാജ്യത്തെ ഒരു കോടിയിലധികം വരുന്ന യുവാക്കളെ ലഹരിക്കെതിരെ അണിനിരത്തുന്ന പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കം കുറിച്ചു.
വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവജനങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യവാന്മാരായിരിക്കണമെന്നും അതിനായി എല്ലാത്തരം ലഹരിവസ്‌തുക്കളിൽനിന്ന് യുവതലമുറ അകന്നുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തെ യുവാക്കളിൽ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'നാശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ' പദ്ധതിയുടെ ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ പ്രചാരണം യുവജനങ്ങൾക്കായി മാത്രമല്ലെന്നും അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുകയും സ്വന്തം സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവരാക്കി വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന 100 ആഴ്‌ച നീളുന്ന 'ജനഭാഗിദാരി' ക്യാമ്പയിനും തുടക്കമായി. എല്ലാ ഞായറാഴ്‌ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിവിരുദ്ധ ബോധവത്‌ക്കരണ പരിപാടികൾ സംഘടിപ്പിക്കും.
കായിക മത്സരങ്ങൾ, കലാ-സാംസ്‌കാരിക പരിപാടികൾ, ബോധവത്‌ക്കരണ ക്യാമ്പയിനുകൾ, ചർച്ചകൾ, സംവാദങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ 'ലഹരിമുക്ത ഭാരത്' എന്ന കാഴ്‌ചപ്പാടിന്റെ ഭാഗമായാണ് 2020-ൽ നാശാ മുക്ത് ഭാരത് അഭിയാൻ ആരംഭിച്ചതെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി മൻസുഖ് മാണ്ഡവിയ പരിപാടിയിൽ പറഞ്ഞു.
PM Narendra Modi launched the 'Nasha Mukt Yuva for Viksit Bharat' campaign, urging youth to stay away from drugs and support a drug-free India through a 100-week nationwide awareness drive.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |