SignIn
Kerala Kaumudi Online
Friday, 16 October 2026 6.13 PM IST

ഈ സർക്കാർ ജനങ്ങൾക്ക് വേണ്ടി, പരിശ്രമിച്ചത്  ഗാന്ധിജി ആഗ്രഹിച്ച ഇന്ത്യയ്ക്കായി; തന്നെ ഇന്നത്തെ നിലയിലെത്തിച്ചത് ഗുജറാത്തെന്ന് നരേന്ദ്ര മോദി

modi

ഗാന്ധിനഗര്‍: ജനങ്ങള്‍ക്കുവേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഈ സർക്കാർ എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മെഗാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

ജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സേവിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ വരുത്തിയിട്ടില്ല. പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് താങ്ങായി നിന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. അഴിമതിക്കും വിവേചനത്തിനുമുള്ള സാഹചര്യം രാജ്യത്ത് ഇപ്പോള്‍ ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും ആഗ്രഹിച്ചതുപോലത്തെ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ എട്ടുവര്‍ഷക്കാലം തന്റെ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുകയാണ്. പാവപ്പെട്ടവര്‍, ദലിത്, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്ന ഒരു ഇന്ത്യയാണ് മഹാത്മാ ഗാന്ധി ആഗ്രഹിച്ചത്.

താന്‍ ഇന്ന് ഈ നിലയിലെത്താന്‍ കാരണം ഗുജറാത്ത് ആണ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് എന്നെ പറഞ്ഞയച്ചതാണ്. ഗുജറാത്തിന് തന്നോടുളള സ്‌നേഹം കൂടിയിട്ടേ ഉള്ളൂ. ഗുജറാത്തിലെ ജനങ്ങളോട് ഞാന്‍ എല്ലാക്കാലത്തും നന്ദിയുള്ളവനായിരിക്കും' പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്‌ത കാര്യങ്ങളും പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. കൊവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നുവെന്നും അത് പരിഹരിക്കാനായി സർക്കാർ ഭക്ഷ്യധാന്യ സ്റ്റോറുകള്‍ ആരംഭിച്ചുവെന്നും മോദി വ്യക്തമാക്കി. ജന്‍ ധന്‍ അക്കൗണ്ടിലൂടെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്കായി പണം നല്‍കി. കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം എത്തിച്ചു. സൗജന്യ പാചകവാതക വിതരണം ആരംഭിച്ചുവെന്നും ചികിത്സാ പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ചെയ്‌തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI, NARENDRA MODI, PM, PM MODI, GANDHIJI, PRIME MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360