ജയ്പൂർ: അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന് രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ മദൻ റാത്തോഡ്. പാകിസ്ഥാൻ ഇന്ത്യയുടെ അയൽരാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാത്തോഡിന്റെ വിവാദപരാമർശം. ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയുടെ കാര്യം പറയുകയാണെങ്കിൽ ഇന്ന് അമേരിക്ക - പാക് യുദ്ധമുണ്ടായാൽ നമ്മൾ അയൽരാജ്യമായ പാകിസ്ഥാനൊപ്പമായിരിക്കും. എന്നാൽ, ഇന്ത്യ- പാക് വിഷയമാണെങ്കിൽ നമ്മൾ നമ്മുടെ രാജ്യത്തിനൊപ്പം നിൽക്കും ' - മദൻ റാത്തോഡ് പറഞ്ഞു.
മദൻ റാത്തോഡിന്റെ പ്രസ്താവനയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ദേശവിരുദ്ധ പ്രസ്താവന എന്നാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ഇതിനെ വിശേഷിപ്പിച്ചത്. ഭീകരരാഷ്ട്രമായ പാകിസ്ഥാനോടുള്ള ബിജെപിയുടെ സ്നേഹം ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. മദൻ റാത്തോഡിനെപ്പോലെ നരേന്ദ്രമോദിയും അമിത് ഷായും പാകിസ്ഥാനൊപ്പമാണോ എന്നും അവർ ചോദിച്ചു. ബിജെപിക്ക് പാകിസ്ഥാനോടുള്ള ആഭിമുഖ്യം ഈ പ്രസ്താവനയിലൂടെ പുറത്തായെന്ന് കോൺഗ്രസ് കോർഡിനേറ്റർ സന്ദീപ് ഗുപ്തയും ആരോപിച്ചു.
ആംആദ്മി നേതാക്കളും മദൻ റാത്തോഡിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ഇപ്പോൾ ആർക്കും സംശയമില്ലല്ലോ, ബിജെപിയുടെയും പാകിസ്ഥാന്റെയും ഡിഎൻഎ ഒന്നാണെന്നാണ് റാത്തോഡിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ആം ആദ്മി യുപി വൈസ് പ്രസിഡന്റ് റാം ഗുപ്ത കുറിച്ചു. മദൻ റാത്തോഡിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Rajasthan BJP president Madan Rathore sparked controversy by saying India would stand with neighbouring Pakistan if a war broke out between the United States and Pakistan, while supporting India in an India-Pakistan conflict. Congress and Aam Aadmi Party leaders strongly criticised his remarks, calling them anti-national and questioning the BJP’s stance on Pakistan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |