ന്യൂഡൽഹി: പേസർ ഭുവനേശ്വർ കുമാറിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യൻ പേസ് നിരയിലെ പരിചയസമ്പന്നർക്ക് വീണ്ടും അവസരങ്ങൾ തുറക്കുന്നതിന്റെ സൂചനയാണ്. എന്നാൽ മുഹമ്മദ് ഷമിയെപ്പോലൊരു മികവുറ്റ ബൗളറെ എത്രകാലം കൂടി പുറത്തിരുത്തുമെന്ന ചോദ്യമാണ് ആരാധകർക്കിടയിലും ക്രിക്കറ്റ് ലോകത്തും ഉയരുന്ന ചോദ്യം.
2022നു ശേഷം ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടില്ലാത്ത ഭുവിയെ വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 2025 മുതൽ ദേശീയ ടീമിന് പുറത്തുള്ള ഷമിയെ വീണ്ടും പരിഗണിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഐ.പി.എല്ലിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് ഭുവിയെ ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്. ടീമിന്റെ തുടർച്ചയായ രണ്ട് ഐ.പി.എൽ കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിക്കാനും ഭുവിക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഭുവിയെ ടീമിലെടുക്കാനുള്ള തീരുമാനം ഉചിതമാണെന്നാണ് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് പറയുന്നത്. ഐ.പി.എല്ലിന്റെ അവസാന മൂന്ന്നാല് സീസണുകളിലായി 72 വിക്കറ്റുകൾ നേടിയ താരത്തെ ഒരിക്കലും അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭുവിയുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കവെ ഷമിയെ ടീമിൽനിന്ന് ഒഴിവാക്കുന്നതിലും പ്രസാദ് അതൃപ്തി പ്രകടിപ്പിച്ചു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തിരിച്ചുവരവ് എപ്പോഴാണെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ, ഇപ്പോൾ എടുത്തിരിക്കുന്നത് മികച്ച തീരുമാനമാണ്. ഐ.പി.എല്ലിന്റെ കഴിഞ്ഞ മൂന്ന്നാല് സീസണുകളിലായി 72 വിക്കറ്റുകൾ നേടിയ ഒരാൾ തീർച്ചയായും ടീമിൽ ഇടം അർഹിക്കുന്നു,' പ്രസാദ് പറഞ്ഞു. ഏകദിന ഫോർമാറ്റിൽ ഭുവനേശ്വറിന്റെ സാധ്യതകളെക്കുറിച്ച് ഉറപ്പിച്ച് പറയാനാവില്ലെങ്കിലും ട്വന്റി-20യിൽ താരത്തിന് ഇനിയും മികച്ച പ്രകടനം നടത്താനാകുമെന്ന് പ്രസാദ് വിലയിരുത്തി. ഭുവനേശ്വറിന്റെ ക്ലാസും അനുഭവസമ്പത്തും ഇപ്പോഴും ടീമിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഭുവനേശ്വറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് എന്നതും ശ്രദ്ധേയമായി. 2015, 2019, 2023 ഏകദിന ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാളായിരുന്ന ഷമിക്ക് ന്യൂസിലൻഡിനെതിരായ പരമ്പരയിലും അവസരം നൽകണമെന്നാണ് പ്രസാദിന്റെ അഭിപ്രായം.
'2015, 2019, 2023 ലോകകപ്പുകളിൽ ഇന്ത്യയുടെ മികച്ച പ്രകടനക്കാരിലൊരാളായിരുന്നു ഷമി. ഇപ്പോഴും അദ്ദേഹം നന്നായി പന്തെറിയുന്നുണ്ട്. ന്യൂസിലൻഡ് പരമ്പരയിൽ ഷമിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഓസ്ട്രേലിയക്കെതിരായ ഇന്ത്യൻ പരമ്പരയിലും അദ്ദേഹത്തിന് അവസരം നൽകണം,' -പ്രസാദ് പറഞ്ഞു. 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാപട്ടികയിൽ ഷമിയെ പരിഗണിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.
The return of pacer Bhuvneshwar Kumar to the Indian team after 2022 for the upcoming T20 series against New Zealand has sparked a debate about Mohammed Shami.Bhuvneshwar was recalled based on his strong IPL performance for Royal Challengers Bengaluru, where he took 72 wickets in the last 3-4 seasons and played a key role in two title wins.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |