SignIn
Kerala Kaumudi Online
Friday, 16 October 2026 5.09 PM IST

ആദ്യം സാധാരണ സംഭാഷണങ്ങൾ നടത്തും,​ പിന്നീട് ലൈംഗികതയിലേക്ക് എത്തും; എഐ തലവന്മാർക്ക് 'ഹണിട്രാപ്പ്' മുന്നറിയിപ്പ്

honey-trap
പ്രതീകാത്മക ചിത്രം

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ രഹസ്യങ്ങൾ ചോർത്താൻ വിദേശ ചാരസംഘടനകൾ ജീവനക്കാരെ പ്രണയത്തിലൂടെയും ലൈംഗിക ആകർഷണത്തിലൂടെയും വശീകരിക്കാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പൺഎഐ. കമ്പനിയിലെ രഹസ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ഇത്തരം ചാരപ്രവർത്തന രീതികളെക്കുറിച്ച് പരിശീലനം നൽകുന്നുണ്ടെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ജീവനക്കാരുമായി അപരിചിതർ സൗഹൃദം സ്ഥാപിക്കുന്നതിലൂടെ രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കാമെന്നാണ് ഓപ്പൺഎഐ മുന്നറിയിപ്പ് നൽകുന്നത്. ഇതിന് ഉദാഹരണമായി ഒരു സംഭവും ഓപ്പൺ എഐ നൽകുന്നു. കുട്ടികളുമായി കളിസ്ഥലത്തെത്തുന്ന ഒരാൾ ഓപ്പൺഎഐ ജീവനക്കാരനുമായി സൗഹൃദം സ്ഥാപിക്കുന്നു. തുടക്കത്തിൽ കുട്ടികളെക്കുറിച്ചും മറ്റും സാധാരണ സംഭാഷണങ്ങൾ നടത്തും. പിന്നീട് സംഭാഷണം ജീവനക്കാരന്റെ ജോലിയിലേക്കും കമ്പനി പ്രവർത്തനങ്ങളിലേക്കും വഴിമാറും. എന്നാൽ സൗഹൃദം സ്ഥാപിച്ചെത്തിയ ആൾ യഥാർഥത്തിൽ ചാരപ്രവർത്തനത്തിനായി എത്തിയ ആളായിരിക്കാമെന്നാണ് ഈ ഉദാഹരണത്തിലൂടെ ജീവനക്കാർക്ക് നൽകുന്ന മുന്നറിയിപ്പ്.

ഇനി മറ്റൊരു രീതി ഹണി ട്രാപ്പാണ്. ജീവനക്കാരുമായി പ്രണയബന്ധമോ ലൈംഗിക അടുപ്പമോ സ്ഥാപിച്ച് അയാളിൽനിന്ന് രഹസ്യവിവരങ്ങൾ ശേഖരിക്കുന്ന രീതിയെയാണ് 'ഹണിട്രാപ്പ്' എന്നു വിളിക്കുന്നത്. പണവും മറ്റ് പ്രലോഭനങ്ങളും ഉപയോഗിച്ചും ചാരസംഘടനകൾ ജീവനക്കാരെ സമീപിച്ചേക്കാമെന്ന് റിപ്പോർട്ട് പറയുന്നു. റഷ്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ വശീകരിക്കാൻ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവവും പരിശീലനത്തിൽ ഉദാഹരണമായി അവതരിപ്പിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിൽ ജോലി സംബന്ധമായ വിവരങ്ങൾ ചോരാതിരിക്കാനും ചാരപ്രവർത്തന സാദ്ധ്യതകൾ ഒഴിവാക്കാനും ജീവനക്കാർ ചില മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഓപ്പൺഎഐ നിർദേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

  • പൊതുസ്ഥലങ്ങളിൽ കമ്പനി ലോഗോ പതിച്ച വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.
  • പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഫോണുകളിലും ലാപ്‌ടോപ്പുകളിലും മറ്റുള്ളവർക്ക് സ്ക്രീൻ കാണാൻ കഴിയാത്ത തരത്തിലുള്ള പ്രൈവസി സ്ക്രീനുകൾ ഉപയോഗിക്കുക.
  • മീറ്റിംഗുകൾക്കുശേഷം വൈറ്റ്‌ബോർഡുകളിലെ വിവരങ്ങൾ മായ്ച്ചുകളയുക. ശുചീകരണ ജീവനക്കാരിലൂടെയും മറ്റും വിവരങ്ങൾ ചോരാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്.
  • കഫേകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ജാഗ്രത പുലർത്തുക.

ഓപ്പൺ എഐക്ക് പുറമെ ആന്ത്രോപിക്, ഗൂഗിൾ തുടങ്ങിയ എഐ കമ്പനികളിലെ ജീവനക്കാർക്കും സമാനമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഭാവിയിലെ യുദ്ധരീതികളെയും വരെ മാറ്റിമറിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയായാണ് എഐ വിലയിരുത്തപ്പെടുന്നത്. അതിനാൽ ഈ മേഖലയിലെ ഗവേഷണവും സാങ്കേതിക രഹസ്യങ്ങളും അതീവ പ്രാധാന്യമുള്ളതാണ്.

English Summary

OpenAI warns employees about foreign espionage efforts targeting AI secrets through "honey traps," befriending, and financial inducements. The company trains staff to identify these methods, according to a Wall Street Journal report. Similar security alerts are also being issued by other major AI firms, underscoring the critical importance of protecting artificial intelligence technology.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPENAI, HONEY TRAP, AI ESPIONAGE, SILICON VALLEY SPIES, OPENAI SECURITY WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360