ലക്‌നൗ: കടലാസിൽ എഴുതിയ ഒരൊറ്റ വാക്കിലൂടെ 10 വർഷമായി കാണാതായ വയോധികനെ കണ്ടെത്തി കുടുംബവുമായി ഒന്നിപ്പിച്ച് പൊലീസ്. ഉത്തർപ്രദേശിലെ ഫറൂഖാബാദ് സ്വദേശിയെയാണ് ഉത്തരാഖണ്ഡിലെ അൽമോറയിൽനിന്ന് കണ്ടെത്തിയത്.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വയോധികനെ 10 വർഷം മുൻപാണ് വീട്ടിൽനിന്ന് കാണാതായത്. കുടുംബം പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ പത്തുവർഷമായി അൽമോറയിലെ വിവിധസ്ഥലങ്ങളിലായി അലഞ്ഞുതിരിയുകയായിരുന്നു. ഇയാളുടെ പേരോ സ്വദേശമോ ആർക്കും അറിയില്ലായിരുന്നു.
മജ്ഖാലി പൊലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഫർത്യാൽ വർഷങ്ങളായി അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. മോശം ശാരീരികാവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികന്റെ സ്വദേശം എവിടെയാണെന്നറിയാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
സംസാരിക്കാനാകും ബുദ്ധിമുട്ടെന്ന് മനസിലാക്കിയ പൊലീസ് ഒടുവിൽ അദ്ദേഹത്തിന് ഒരു പേനയും ഡയറിയും നൽകി. കുറച്ച് സമയത്തിന് ശേഷം ശ്യാം സിംഗ് ഡയറിയിൽ 'രാജേപൂർ' എന്ന ഒരേയൊരു വാക്കുമാത്രം എഴുതി. ഇതോടെ പൊലീസ് അന്വേഷണം വേഗത്തിലാക്കി. ഫറൂഖാബാദിലെ രാജേപൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ശ്യാം സിംഗിന്റെ ചിത്രം അവർക്ക് കൈമാറി. തുടർന്ന് രാജേപൂർ റത്തൗഡി ഗ്രാമമാണ് വയോധികന്റെ സ്വദേശമെന്നും ശ്യാം സിംഗ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും രാജേപൂർ പൊലീസ് കണ്ടെത്തി.
ശ്യാം സിംഗിനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ കുടുംബാംഗങ്ങൾ അന്നുതന്നെ അൽമോറയിലെത്തി. മജ്‌ഘാലി പൊലീസ് ഔട്ട്‌പോസ്റ്റിൽ വച്ച് പത്തുവർഷത്തിന് ശേഷം ശ്യാം സിംഗിനെ കണ്ടപ്പോൾ കുടുംബാംഗങ്ങൾ വികാരാധീനരായി. ശ്യാം സിംഗിനെ കണ്ടെത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കുടുംബം നന്ദി അറിയിച്ചു.
A single word in a diary helped police find a missing UP man and reunite him with his family after 10 years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |