ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നതിന് മുൻപ് 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും പ്രമേയത്തെ പിന്തുണച്ചു. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് മുൻപായി വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ നിലനിൽക്കവെയാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം.
തമിഴ്‌നാടിന്റെ ദീർഘകാലമായുള്ള ഈ പരമ്പരാഗത ആചാരം കൂടുതൽ ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ലോകത്തെ തന്നെ ഏറ്റവും പ്രാചീനമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴെന്ന് പ്രമേയത്തിൽ എടുത്തുപറയുന്നുണ്ട്. പ്രമേയം പാസായതോടെ ഇനിമുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും.
1891ൽ മനോന്മണീയം സുന്ദരനാർ രചിച്ച 'മനോന്മണീയം' എന്ന പ്രശസ്ത നാടകത്തിന്റെ ആമുഖത്തിൽ നിന്നുള്ള വരികളാണ് പ്രാർത്ഥനാഗാനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 1970 നവംബർ 23നാണ് സർക്കാർ ചടങ്ങുകളിൽ ആദ്യ ഗാനമായി ഇത് ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. 2021 ഡിസംബർ 12ന് തമിഴ് തായ് വാഴ്ത്തിനെ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് സ്കൂളുകൾ, കോളേജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെല്ലാം ഇത് നിർബന്ധമാക്കിയുള്ള ഉത്തരവുകൾ ഇറക്കിയിരുന്നു. 1970 മുതൽ ഒരു ആചാരമായും സർക്കാർ ഉത്തരവായും തുടർന്നുപോരുന്ന ഈ രീതി സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വിജയ് സർക്കാർ പുതിയ പ്രമേയം അവതരിപ്പിച്ചത്. തമിഴ് ഭാഷയോടും സംസ്‌കാരത്തോടുമുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് 'തമിഴ് തായ് വാഴ്ത്തെന്നും നിയമസഭയിൽ സർക്കാർ വ്യക്തമാക്കി.
The Tamil Nadu Assembly passed a resolution making it mandatory to sing “Tamil Thai Vazhthu” before the start of official government functions in the state. Opposition parties, including the DMK and AIADMK, supported the resolution.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |