ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാത്തവർക്ക് വലിയ പണി വരുന്നു. ഇവർക്ക് വാഹന, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ പിഴ അടയ്ക്കുന്നതുവരെ ലഭ്യമാകില്ല. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോർ വാഹന ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പുതിയ ചട്ടം കൂട്ടിച്ചേർത്തു.
പുതിയ ചട്ടപ്രകാരം, പിഴ ഒടുക്കാത്ത വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ 'നോട്ട് ടു ബി ട്രാൻസാക്‌ടഡ്' എന്ന് രേഖപ്പെടുത്തും. എന്നാൽ കോടതിയിലോ വിധിനിർണയ അതോറിറ്റിയിലോ ചലാൻ തീർപ്പാക്കാതെ കിടക്കുമ്പോൾ ഈ നിയന്ത്രണം ബാധകമാകില്ല.
ഗതാഗത നിയമലംഘനങ്ങളിൽ സമയബന്ധിതമായി ഇലക്ട്രോണിക് വിധിനിർണയം നടത്തണമെന്നും നിർദേശമുണ്ട്. തീരുമാനങ്ങൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തണമെന്നും പുതിയ ചട്ടത്തിൽ നിർദേശിക്കുന്നു.
പിഴ സമയബന്ധിതമായി ഒടുക്കിയില്ലെങ്കിൽ വാഹന പുക പരിശോധന, രജിസ്‌ട്രേഷൻ പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ തുടങ്ങിയ അപേക്ഷകൾ പരിഗണിക്കില്ല. പിഴ പൂർണമായും അടച്ച് തീർത്തതിനുശേഷം മാത്രമേ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ.
കുടിശികയുള്ള വിവരം വാഹന ഉടമയ്ക്ക് ഇമെയിൽ, എസ്‌എംഎസ് എന്നിവ വഴി ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽവന്ന് ആറ് മാസത്തിനകം ഗതാഗത പിഴകൾ തീർപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്ക് കീഴിലുള്ള ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ചട്ടക്കൂടിന്റെ പരിഷ്കരണത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതികൾ. നിയമങ്ങൾ അന്തിമമാക്കുന്നതിന് മുൻപ് 30 ദിവസത്തേക്ക് കരട് വിജ്ഞാപനത്തിൽ എതിർപ്പുകളും നിർദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്.
India's Transport Ministry has proposed rules to block vehicle and driving licence services for motorists with unpaid traffic fines until dues are cleared. Services like registration renewal, pollution certificates, and licence renewal may be denied. The draft also mandates faster e-adjudication and invites public feedback for 30 days before finalization.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |