വിയന്റിയാൻ: ആയിരം വർഷം പഴക്കമുള്ള കൽഭരണിക്കുള്ളിൽനിന്ന് 37 പേരുടെ ശരീരാവശിഷ്‌ടങ്ങൾ പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. വടക്കൻ ലാവോസിലെ ഷിയാങ് ഖുവാങ് പീഠഭൂമിയിലെ പ്രശസ്‌തമായ 'പ്ലെയിൻ ഓഫ് ജാർസ്' എന്നറിയപ്പെടുന്ന പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠനവും അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തെയും പ്രദേശത്തെ കൽഭരണികളിൽ മനുഷ്യരുടെ അസ്ഥികളും ചാരവും കണ്ടെത്തിയിരുന്നെങ്കിലും അവയെല്ലാം ദഹിപ്പിച്ച ശേഷമുള്ള അവശിഷ്‌ടങ്ങളായിരുന്നു. എന്നാൽ, ഇത്തവണ ആദ്യമായാണ് ദഹിപ്പിക്കാത്തവിധത്തിലുള്ള ശരീരാവശിഷ്‌ടങ്ങൾ ഭരണിക്കുള്ളിൽനിന്ന് ലഭിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ നിക്കോളസ് സ്‌കോപൽ പറഞ്ഞു.
2022 മുതൽ 2024വരെ നടത്തിയ ഖനനത്തിലാണ് 'ജാർ' എന്ന് പേരിട്ട കൽഭരണി കണ്ടെത്തിയത്. ഏകദേശം നാലടി ഉയരവും ഏഴടി വീതിയുമുള്ള ഈ ഭരണിയിൽ 37പേരുടെ അസ്ഥികളാണ് ഉണ്ടായിരുന്നത്. കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള പരിശോധനകളിൽ എഡി 890 മുതൽ 1160 വരെയുള്ള നിരവധി തലമുറകൾ ഈ ഭരണി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
പുരാതനകാലത്തെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായാണ് ഈ കൽഭരണി ഉപയോഗിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. വലിയ അസ്ഥികളും തലയോട്ടികളും ഭരണിയുടെ പുറംവശത്തായി പ്രത്യേകം ക്രമീകരിച്ച ഭാഗത്താണുണ്ടായിരുന്നത്. ഖനനത്തിനിടെ ഇരുമ്പുകൊണ്ടുള്ള കത്തി, ചെമ്പ് മണി, മൺപാത്രങ്ങളുടെ കഷ്‌ണങ്ങൾ എന്നിവയും കണ്ടെത്തി. കൂടാതെ ഗ്ലാസ് മുത്തുകളും ലഭിച്ചിട്ടുണ്ട്. മരിച്ചവർക്കർപ്പിച്ച വഴിപാടുകളാകാം ഇവയെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഈ കൽഭരണികൾ സംസ്‌കാരം മാത്രമാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ പുരാവസ്‌തു ഗവേഷക കെല്ലി ബ്രാൻഡാവോ അഭിപ്രായപ്പെട്ടു. ഓരോ മൃതദേഹവും പ്രത്യേകം ഭരണികളിൽ സൂക്ഷിച്ച് ശരീരം അഴുകിയ ശേഷം അസ്ഥികൾ ശേഖരിച്ച് വലിയ ഭരണിയിലേക്ക് മാറ്റിയതാകാമെന്നാണ് മറ്റൊരു നിഗമനം.
ഈ പ്രദേശത്ത് ജീവിച്ചിരുന്നവർ ആരാണെന്നും അവർ എവിടെനിന്നാണ് എത്തിയതെന്നും കണ്ടെത്താനായി അസ്ഥികളിൽനിന്ന് ഡിഎൻഎ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഉഷ്‌ണമേഖലാ കാലാവസ്ഥ ഇതിന് വലിയ വെല്ലുവിളിയാണെന്നും ഗവേഷകർ പറയുന്നു.
Archaeologists in Laos have discovered the non-cremated remains of 37 people inside a 1,000-year-old stone jar, offering new clues about ancient burial practices at the mysterious Plain of Jars.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |