SignIn
Kerala Kaumudi Online
Monday, 14 September 2026 6.40 PM IST

വിമാനത്തിൽ കയറാതെ തിരികെ ഡ്രൈവറുടെ അടുത്തേക്ക്; പ്രോട്ടോക്കോൾ ലംഘിച്ച് അബുദാബി കിരീടാവകാശി ചെയ്തത് വൈറൽ

sheikh-khaled
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനിടെ മനുഷ്യത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെ ശ്രദ്ധനേടി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തന്നെ വാഹനത്തിൽ എത്തിച്ച ഇന്ത്യൻ ഡ്രൈവറെ തിരികെ വന്ന് നന്ദി അറിയിക്കുന്ന അബുദാബി കിരീടാവകാശിയുടെ ദൃശ്യങ്ങളാണ് വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായാണ് ഷെയ്ഖ് ഖാലിദ് ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഡൽഹി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഖാലിദ് യാത്രയയ്ക്കാനെത്തിയ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്ത് വിമാനത്തിനടുത്തേക്ക് നടക്കാൻ തുടങ്ങുന്നതിനിടെയാണ് ഡ്രൈവറുടെ കാര്യം ശ്രദ്ധിച്ചത്. തന്നെ വിമാനത്താവളത്തിലെത്തിച്ച ഡ്രൈവറോട് യാത്രപറയാൻ വിട്ടുപോയ കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ തിരിച്ചെത്തി ഡ്രൈവർക്ക് കൈകൊടുക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം വിമാനത്തിലേക്ക് കയറിയത്.

സാധാരണയായി ഔദ്യോഗിക സന്ദർശനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രോട്ടോക്കോൾ സംവിധാനങ്ങളുടെയും അകമ്പടിയോടെയാണ് നേതാക്കൾ യാത്ര ചെയ്യുന്നത്. എന്നാൽ ഡ്രൈവറോട് നേരിട്ട് നന്ദി അറിയിച്ച കിരീടാവകാശിയുടെ ലളിതമായ പെരുമാറ്റമാണ് ശ്രദ്ധ നേടിയത്. വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഔദ്യോഗിക പദവിയുടെ വലിപ്പം മറന്ന് തന്നെ യാത്രയാക്കിയ ഡ്രൈവറോട് നന്ദി പറയാൻ തിരിഞ്ഞുനിന്ന ഷെയ്ഖ് ഖാലിദിന്റെ സമീപനത്തെ നിരവധി പേർ അഭിനന്ദിച്ചു.

English Summary

Abu Dhabi Crown Prince Sheikh Khalid bin Mohammed bin Zayed Al Nahyan garnered widespread praise for a humane gesture during his BRICS summit visit to New Delhi. He notably returned at the airport to personally thank his Indian driver for the ride. This humble act, captured in a viral video, earned considerable appreciation for his considerate conduct, contrasting typical official protocols.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABU DHABI CROWN PRINCE, SHEIKH KHALED, INDIAN DRIVER, UAE CROWN PRINCE VIRAL, BRICS SUMMIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360