ലാഹോർ: ബാബർ അസമിനെ പാക് ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി വീണ്ടും നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിലാണ് ബാബറിനെ നായകനായി നിയമിച്ചിരിക്കുന്നത്. തുടർച്ചയായ തോൽവികളെ തുടർന്ന് നായക സ്ഥാനത്തുനിന്ന് നീക്കിയ ഷാൻ മസൂദിന് പകരമാണ് ബാബർ വീണ്ടും ടെസ്റ്റിൽ പാകിസ്ഥാനെ നയിക്കാനെത്തുക.
മസൂദിന്റെ കീഴിൽ കളിച്ച 16 ടെസ്റ്റുകളിൽ 12 എണ്ണത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. 2023-24 സീസണിലാണ് ഷാൻ മസൂദ് പാക് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ കീഴിൽ നാല് വിജയങ്ങൾ മാത്രമാണ് ടീം നേടിയത്. രണ്ട് മാസം മുമ്പ് സ്വന്തം നാട്ടിൽ ബംഗ്ലാദേശിനോട് 0-2 ന് പരമ്പര തോറ്റത് മസൂദിന് തിരിച്ചടിയായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒൻപത് ടീമുകളിൽ അവസാന സ്ഥാനത്തേക്ക് പാകിസ്ഥാൻ പിന്തള്ളപ്പെട്ടു. 2024ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 2-1 ന്റെ പരമ്പര വിജയം മാത്രമാണ് മസൂദിന് നായകനെന്ന നിലയിൽ ആശ്വസിക്കാനുള്ളത്.
കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാതെ ഉഴലുന്ന ബാബറിനെ വീണ്ടും നായകനാക്കിയത് വലിയൊരു പരീക്ഷണമെന്നാണ് വിലയിരുത്തൽ. 2021 മുതൽ 2023 വരെ പാകിസ്ഥാനെ നയിച്ച ബാബർ 20 മത്സരങ്ങളിൽ 10 എണ്ണത്തിൽ വിജയം നേടിയിരുന്നു. എന്നാൽ 2023 ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തോടെ നായകസ്ഥാനം നഷ്ടമായി. ക്യാപ്ടൻ സ്ഥാനം തിരികെ ലഭിക്കുന്നത് വഴി ബാബറിന് ഫോം വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് സെലക്ടർമാരുടെ പ്രതീക്ഷ.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി 16 അംഗ ടീമിനെയും, ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി 17 അംഗ ടീമിനെയുമാണ് പിസിബി പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ അഴിച്ചുപണി നടത്തി നാല് പുതുമുഖങ്ങളെയും സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നർ അലി ഉസ്മാൻ, ബാറ്റർ മുഹമ്മദ് അവൈസ് സഫർ, പേസർ ഉബൈദ് ഷാ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഗാസി ഘോരി എന്നിവരാണ് ആദ്യമായി ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്.
ജൂലായ് 25 മുതൽ ഓഗസ്റ്റ് ആറ് വരെയാണ് പാകിസ്ഥാന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം. ഒന്നാം ടെസ്റ്റ് ജൂലായ് 25 മുതൽ 29 വരെ താരൂബയിലും, രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് രണ്ട് മുതൽ ആറ് വരെ പോർട്ട് ഓഫ് സ്‌പെയിനിലും നടക്കും. ഇതിനശേഷമുള്ള ഇംഗ്ലണ്ട് പര്യടനം ഓഗസ്റ്റ് 19 മുതൽ സെപ്തംബർ 13 വരെയാണ്. ഓഗസ്റ്റ് 19 മുതൽ 23 വരെ ലീഡ്സിൽ ഒന്നാം ടെസ്റ്റും, ഓഗസ്റ്റ് 27 മുതൽ 31 വരെ ലോർഡ്സിൽ രണ്ടാം ടെസ്റ്റും, സെപ്തംബർ ഒമ്പത് മുതൽ 13 വരെ ബർമിംഗ്ഹാമിൽ മൂന്നാം ടെസ്റ്റും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |