ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭിന്നതകൾ പലപ്പോഴും കായികരംഗത്തും അലയടിക്കാറുണ്ടെങ്കിലും ഇത്തവണ സൗഹൃദത്തിന്റെ അപൂർവ്വ കാഴ്‌ചയ്ക്കാണ് കായികലോകം സാക്ഷിയായത്. ലണ്ടനിൽ നടന്ന ദി ഹണ്ട്രഡ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിനുശേഷം ഇന്ത്യൻ താരം ജമീമ റോഡ്രിഗസും പാകിസ്ഥാൻ താരം ഫാത്തിമ സനയും ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും താരങ്ങൾ തമ്മിലുള്ള സൗഹൃദപരമായ ഇടപെടലുകൾ കുറവായിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാൻ താരങ്ങളുമായി പൊതുവേദികളിൽ സൗഹൃദം പങ്കിടുന്ന സംഭവങ്ങൾ അപൂർവമായിരുന്നു. ഈ സാഹചര്യത്തിലാണ് ജെമീമയുടെയും ഫാത്തിമയുടെയും ആലിംഗനം ശ്രദ്ധ നേടിയത്.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യൻ നിക്ഷേപകർ 'ദി ഹണ്ട്രഡിന്റെ' ഭാഗമായതോടെ പാകിസ്ഥാൻ താരങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സൺ ഗ്രൂപിന്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്‌സ് ലീഡ്‌സ് പാകിസ്ഥാൻ സ്‌പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതോടെ അത്തരം ആശങ്കകൾക്ക് വിരാമമായി.
മത്സരത്തിൽ സതേൺ ബ്രേവിനായി കളിച്ച ജമീമ 18 പന്തിൽ പുറത്താകാതെ 28 റൺസ് നേടി. ബർമിംഗ്‌ഹാം ഫീനിക്‌സിനായി കളിച്ച ഫാത്തിമ സനയ്‌ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തിൽ ബർമിംഗ്‌ഹാം ഫീനിക്‌സ് 24 റൺസിന് പരാജയപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്‌ത സതേൺ ബ്രേവ് മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 140 റൺസ് നേടി. ലിസെൽ ലീ (43), മായ ബൗച്ചിയർ (45) എന്നിവർ മികച്ച തുടക്കം നൽകി. പിന്നാലെ പുറത്താകാതെ ജമീമ നേടിയ 28 റൺസ് ടീമിനെ 140 എന്ന സ്‌കോറിലെത്തിച്ചു. 141 എന്ന വിജയലക്ഷ്യത്തിലെത്താൻ ബർമിംഗ്‌ഹാം ഫിനിക്‌സിനാകാതായതോടെ സതേൺ ബ്രേവ് വിജയം ഉറപ്പിച്ചു.
Jemimah Rodrigues and Fatima Sana shared a warm hug after their teams faced off in The Hundred, with the moment going viral on social media. Southern Brave defeated Birmingham Phoenix by 24 runs, with Jemimah scoring an unbeaten 28.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |