SignIn
Kerala Kaumudi Online
Monday, 29 June 2026 8.37 PM IST

ഒളിമ്പിക്‌സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു, ഇന്ത്യയ്ക്ക് യോഗ്യത നേടാൻ ഏഷ്യയിലെ ഉയർന്ന റാങ്കിലുള്ള ടീമായി മാറണം

team-india-

ഇന്ത്യൻ ക്രിക്കറ്റ് ടീം മത്സരത്തിനിടെ

ദുബായ്: 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പുരുഷ, വനിതാ വിഭാഗങ്ങളിൽ ആറ് ടീമുകൾ വീതമായിരിക്കും ഒളിമ്പിക്‌സിൽ പങ്കെടുക്കുക. ഒരു നൂറ്റാണ്ടിന് ശേഷമാണ് ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്.

പുരുഷ വിഭാഗത്തിൽ നേരിട്ട് യോഗ്യത നേടാൻ 2026 അവസാനത്തോടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ടീമായി മാറേണ്ടതുണ്ട്. അതേസമയം, വനിതാ വിഭാഗത്തിൽ നിലവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ മികച്ച പ്രകടനങ്ങളുടെയും റാങ്കിംഗിന്റെയും അടിസ്ഥാനത്തിലാണ് ടീമുകളെ തിരഞ്ഞെടുക്കുക.


വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി നാല് സ്ലോട്ടുകളാണ് പുരുഷ ടീമിന് മാറ്റിവച്ചിരിക്കുന്നത്. ഐസിസിയുടെ ട്വന്റി- 20 ടീം റാങ്കിംഗിൽ അതത് ഭൂഖണ്ഡങ്ങളിൽ ഒന്നാമതെത്തുന്ന യോഗ്യതയുള്ള ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കാണ് ഈ നാല് സ്ലോട്ടുകൾ ലഭിക്കുക. 2026 ഡിസംബർ 31 ആണ് ഇതിനുള്ള അവസാന തീയതി.

വനിതാ വിഭാഗത്തിൽ, നിലവിലെ ട്വന്റി- 20 ലോകകപ്പിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് മുന്നിലെത്തുന്ന നാല് ടീമുകൾക്കാണ് നേരിട്ട് യോഗ്യത. ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചതോടെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് ഏറെക്കുറെ അർഹരായിക്കഴിഞ്ഞു. ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടൻ എന്ന പേരിൽ പങ്കെടുക്കുന്നതിനാൽ ബ്രിട്ടീഷ് രാജ്യങ്ങളിൽ ഇംഗ്ലണ്ടിനെ മാത്രമായിരിക്കും സ്ലോട്ടിൽ പരിഗണിക്കുകയെന്ന് ഐസിസി വ്യക്തമാക്കി.

നിലവിലെ ലോകകപ്പ് സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസും ഇടംപിടിച്ചിട്ടുണ്ട്. ടൂർണമെന്റിലെ അന്തിമ സ്ഥാനങ്ങൾ വ്യക്തമായ ശേഷമേ ഇന്ത്യൻ വനിതാ ടീമിന്റെ ഒളിമ്പിക്സ് സാദ്ധ്യതകളിൽ കൂടുതൽ വ്യക്തത വരൂ. കരീബിയൻ രാജ്യങ്ങൾ ചേർന്ന കൂട്ടായ്മയായി ഐസിസിയിൽ കളിക്കുന്ന വെസ്റ്റ് ഇൻഡീസിന്, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ കീഴിൽ ഒറ്റ രാജ്യമായി മത്സരിക്കാൻ അനുമതിയില്ല.

ആന്റിഗ്വ ആൻഡ് ബാർബുഡ, ബാർബഡോസ്, ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ അടക്കം 12 ഓളം ദ്വീപ് രാഷ്ട്രങ്ങൾ ചേർന്നതാണ് വെസ്റ്റ് ഇൻഡീസ്. ഇവർക്ക് ഒളിമ്പിക്‌സ് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുക്കണമെങ്കിൽ പ്രത്യേക പ്രാദേശിക ടൂർണമെന്റുകൾ ഐസിസി നടത്തും. ഇതിൽ വിജയിക്കുന്ന കരീബിയൻ രാജ്യത്തിന് മാത്രമായിരിക്കും ഫൈനൽ ക്വാളിഫയറിലേക്ക് ടിക്കറ്റ് ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, OLYMPICS, CRICKET, T-20 FORMAT, 6 TEAM TOURNAMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360